തിരുവനന്തപുരം: സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധങ്ങളിൽ സി പി എമ്മിനെ കടന്നാക്രമിച്ച് സി പി ഐ. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ മാഫിയാസംഘങ്ങളെ വളര്‍ത്തുന്നുവെന്നും പാര്‍ട്ടി ഗ്രാമങ്ങള്‍ അധാര്‍മികമെന്നുമാണ് വിമർശനം. രാമനാട്ടുകര ക്വട്ടേഷൻ സംഘം പാർട്ടിയെ ഉപയോഗിക്കുന്നു. ചെഗുവേരയുടെ ചിത്രം കുത്തിയാൽ കമ്മ്യൂണിസ്റ്റ് ആകില്ല. തില്ലങ്കേരിമാരുടെ പോസ്റ്റിന് കിട്ടുന്ന സ്വീകാര്യത ഇടതുപക്ഷം ചർച്ച ചെയ്യണമെന്നും പാർട്ടി മുഖപത്രത്തിൽ സി പി ഐ കണ്ണൂർ ജില്ലാസെക്രട്ടറി അഡ്വ പി സന്തോഷ് കുമാർ എഴുതിയ ലേഖനത്തിൽ പറയുന്നു.
കള്ളക്കടത്ത്-ക്വട്ടേഷൻ സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള, അതിൽ പ്രതികളാക്കപ്പെടുന്ന യുവാക്കൾ, ഇടതുരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമായി കുറച്ചുകാലമെങ്കിലും പ്രവർത്തിച്ചിരുന്നവരായിരുന്നു എന്ന വസ്‌തുത ഞെട്ടിപ്പിക്കുന്നതാണ്. പുരോഗമന സാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെ ഇടതുപക്ഷ യുവജനസംഘടനകൾ ഇക്കാലംകൊണ്ട് ആർജ്ജിച്ചെടുത്ത യുക്തിബോധവും സാമൂഹികജാഗ്രതയും വിശാലമായ ലോകബോധവും ഒക്കെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ചരിത്രബോധമില്ലാത്ത പുതുതലമുറ സംഘങ്ങൾക്ക് മുൻകാല കമ്മ്യുണിസ്റ്റ് നേതാക്കന്മാരുടെ സമരങ്ങളെ കുറിച്ചുപോലും വേണ്ടത്ര ധാരണയില്ല എന്നത് ഞെട്ടിപ്പിക്കുന്നു. ക്രിമിനൽപ്രവർത്തനവും കൊലപാതകവും ക്വട്ടേഷനും പൊട്ടിക്കലും നടത്തിയല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വളർന്നത്. അതുകൊണ്ട് തന്നെ ഈ പ്രവണത ഒരു ഫംഗസ് ആയി കണക്കാക്കിക്കൊണ്ടുള്ള ചികിത്സയാണ് ആവശ്യമെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.