ന്യൂഡൽഹി: ഒളിമ്പിക്സ് മത്സരങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ അത്‌ലറ്റിക്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ ഇന്ത്യ അധികൃതർ തങ്ങളുടെ സ്ഥിരം കലാപരിപാടി വീണ്ടും ആരംഭിച്ചു. മലയാളി താരങ്ങളായ കെ ടി ഇർഫാൻ, ശ്രീശങ്കർ എന്നിവരെയും രാജസ്ഥാന്റെ വനിതാതാരം ഭാവനാ ജാട്ടിനെയുമാണ് ട്രയൽസിനു വേണ്ടി അധികൃതർ വിളിച്ചിരിക്കുന്നത്. കെ ടി ഇർഫാനും ഭാവനാ ജാട്ടും 20 കിലോമീറ്റർ നടത്തത്തിലും ശ്രീശങ്കർ ലോംഗ്‌ജംപിലുമാണ് ടോക്കിയോയിൽ മത്സരിക്കുവാൻ യോഗ്യത നേടിയത്.
ഇർഫാൻ 2019 ലും ഭാവനാ ജാട്ട് 2020 തുടക്കത്തിലുമാണ് ഒളിമ്പിക്സ് യോഗ്യത നേടിയത്. ഇരു താരങ്ങൾക്കും എടുത്ത് പറയത്തക്ക മികച്ച പ്രകടനങ്ങൾ സമീപകാലത്ത് കാഴ്ചവയ്ക്കാൻ സാധിച്ചിട്ടില്ല. അതിനാലാണ് അസോസിയേഷൻ ട്രയൽസ് നടത്താൻ തീരുമാനിച്ചതെന്ന് അസോസിയേഷൻ ഭാരവാഹിയെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
മൂവരുടേയും ട്രയൽസ് എ എഫ് ഐ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോർജിന്റെ കീഴിലായിരിക്കും നടത്തപ്പെടുക. 10 കിലോമീറ്റർ നടത്തമാണ് കെ ടി ഇർഫാനും ഭാവനാ ജാട്ടിനും നൽകിയിരിക്കുന്ന ലക്ഷ്യം. ട്രയൽസ് പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ ഇരുവരും ഇന്ത്യയുടെ ഒളിമ്പിക് ടീമിൽ നിന്ന് പുറത്താകും എന്ന് ഏതാണ്ട് ഉറപ്പാണ്.
അതേസമയം ലോംഗ്‌ജമ്പ് താരം ശ്രീശങ്കറിന്റെ ട്രയൽസ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ശ്രീശങ്കറിന്റെ ഫിറ്റ്നസ്സ് അളക്കുന്നതിനു വേണ്ടിയാണ് ട്രയൽസ് എന്ന വിശദീകരണമാണ് അസോസിയേഷൻ നൽകിയിരിക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് ദേശീയ റെക്കാഡോടെ ശ്രീശങ്കർ ഒളിമ്പിക് യോഗ്യത നേടുന്നത്. മറ്റ് രണ്ട് താരങ്ങളെ പോലെ ദീർഘനാൾ മത്സരരംഗത്ത് നിന്നും വിട്ടുനിൽക്കുകയും ആയിരുന്നില്ല. അതിനാൽ തന്നെ ഒളിമ്പിക്സിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ നടത്തുന്ന ഈ ട്രയൽസ് ശ്രീശങ്കറിന് അധിക സമ്മർദ്ദം മാത്രമേ നൽകുകയുള്ളു. ഒളിമ്പിക്സ് ടീം പ്രഖ്യാപനത്തിനു തൊട്ടു മുമ്പ് പട്യാലയിൽ നടന്ന ഇന്റർ സ്റ്റേറ്റ് അത്ലറ്റിക് മീറ്റിൽ നിന്ന് മാറി നിൽക്കാൻ ശ്രീശങ്കർ തീരുമാനിച്ചിരുന്നു. ആ മീറ്റിൽ പങ്കെടുക്കാത്തതിനാൽ താരത്തിന്റെ ഫിറ്റ്നസ്സിൽ അസോസിയേഷൻ ഭാരവാഹികൾക്കു സംശയം തോന്നിയതിനാലാകാം ഒരുപക്ഷേ ഈ അവസാന സമയത്ത് ശ്രീശങ്കറിനെ ട്രയൽസിനു വിധേയമാക്കുന്നത്.