paliyekara

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ വാഹനം കടത്തി വിടാത്തതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ കത്തിക്കുത്ത്. ടോൾ പ്ലാസയിലെ ജീവനക്കാരായ ടി ബി അക്ഷയ്, നിധിൻ ബാബു എന്നിവർക്കാണ് സംഘർഷത്തിൽ കുത്തേറ്റത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.

സി സി ടി വി ദൃശ്യങ്ങൾ വിശദമായി പൊലീസ് പരിശോധിച്ചു. സംഭവത്തിന് പിന്നിൽ രണ്ട് പേരുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കത്തിക്കുത്തുണ്ടായതിന് പിന്നാലെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പുതുക്കാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

പ്രതികളുടെ കാർ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഇവരെ ഉടൻ പിടികൂടാനാകുമെന്നാണ് പൊലീസ് പറയുന്നത്. അങ്കമാലി മുക്കന്നൂർ സ്വദേശികളുടേതാണ് കാർ. കുത്തേറ്റ രണ്ട് ജീവനക്കാരുടേയും നില ഗുരുതരമല്ല.

ഇന്നലെ രാത്രി പതിനൊന്നരയോടെ ടോൾ പ്ലാസയിലെത്തിയ കാർ കടന്നുപോകാനായി ബാരിയർ മാറ്റിയില്ല. ഇതേച്ചൊല്ലിയാണ് ആദ്യം ജീവനക്കാരുമായി ഇവർ വാക്കുതർക്കത്തിലേർപ്പെട്ടത്. കാറിൽ നിന്ന് ഇറങ്ങിയ അക്രമികൾ ആദ്യം ജീവനക്കാരുമായി തർക്കം തുടങ്ങി. അതിനുശേഷം കയ്യാങ്കളിയായി. പിന്നീട് ഇത് കത്തിക്കുത്തിലെത്തുകയായിരുന്നു.