ചെന്നൈ: തമിഴ്നാട്ടിൽ താമര രാഷ്ട്രീയം വാഴില്ല, താരമരത്തണ്ട് വാടും എന്ന് കളിയാക്കിയവരുടെ മുഖത്തേറ്റ പ്രഹരമായിരുന്നു ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നാലു സീറ്റിൽ പാർട്ടി നേടിയ ഉജ്വല വിജയം. ഇത് ആദ്യമായാണ് ഇത്രയും സീറ്റ് ബി ജെ പിക്ക് സംസ്ഥാനത്ത് നേടാനായത്. ഇതിന് പിന്നിലെ ബുദ്ധികേന്ദ്രം പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് എൽ മുരുകൻ എന്ന തികച്ചും സാധാരണക്കാരനായ മനുഷ്യനായിരുന്നു. കേവലം ഒരുവർഷം കൊണ്ടാണ് ഈ മിന്നുന്ന വിജയം പാർട്ടിക്ക് മുരുകൻ സമ്മാനിച്ചത് .അതിനുള്ള പ്രത്യുപകാരം കൂടിയാണ് ഇപ്പോഴത്തെ കേന്ദ്ര മന്ത്രി പദവി.
ദ്രാവിഡ പാർട്ടികളുടെ മണ്ണിൽ വേരുറപ്പിക്കണമെന്നത് ബി ജെ പിയുടെ അടങ്ങാത്ത മോഹമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എ ഐ എ ഡി എം കെയുമായി ചേർന്ന് നടത്തിയ പരീക്ഷണം എട്ടുനിലയിൽ പൊട്ടി. അതിന്റെ തനിയാവർത്തനം തന്നെയാവും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പും എന്ന നിഗമനത്തിലായിരുന്നു രാഷ്ട്രീയ നിരീക്ഷകർ. എന്നാൽ ഫലം വന്നപ്പോൾ എല്ലാവരും ഞെട്ടിപ്പോയി.
പതിറ്റാണ്ടുകളുടെ അനുഭവ പാരമ്പര്യമോ രാഷ്ട്രീയത്തിൽ ഗോഡ് ഫാദർമാരോ ഇല്ലാത്ത മുരുകന്റെ കൈകളിൽ തമിഴ്നാട്ടിലെ പാർട്ടിയെ ഏൽപ്പിക്കാൻ കേന്ദ്ര നേതൃത്വം തയ്യാറായത് അദ്ദേഹത്തിന്റെ കഴിവ് വ്യക്തമായി മനസിലാക്കിതന്നെയാണ്. തികച്ചും ഒരു തനി നാട്ടിൻപുറത്തുകാരൻ. പക്ഷേ പ്രായോഗിക രാഷ്ട്രീയത്തിലെ തന്ത്രങ്ങൾ എല്ലാം വ്യക്തം. എന്നുമാത്രമല്ല അത് നന്നായി പയറ്റാനും അറിയാം. ഇക്കാര്യങ്ങളെല്ലാം കേവലം ഒരുവർഷത്തിനുള്ള അദ്ദേഹം വ്യക്തമായി തെളിയിക്കുകയും ചെയ്തു.
സവർണരോട് മാത്രം ആഭിമുഖ്യമുള്ള പാർട്ടി എന്ന ദുഷ്പേര് ഇല്ലാതാക്കാനും മുരുകനെ പ്രസിഡന്റ് ആക്കിയതോടെ ബി ജെ പിക്ക് കഴിഞ്ഞു. ദളിത് സമുദായ അംഗമായിരുന്ന അദ്ദേഹം തികച്ചും ഗ്രാമീണനായിരുന്നതിനാൽ സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കി അതിൽ ശക്തമായി ഇടപെടാനും കഴിഞ്ഞിരുന്നു. അതും പാർട്ടിക്ക് അനുകൂലമായി. വെട്രിവേൽ യാത്രയിലൂടെയും മറ്റും പിന്നാക്ക ജാതിക്കാരെ പാർട്ടിയോട് കൂടുതൽ അടുപ്പിക്കാനും അദ്ദേഹത്തിനായി.
ജനസ്വാധീനമുള്ള സെലിബ്രിറ്റികളെ പാർട്ടിയോട് അടുപ്പിച്ചുനിറുത്താൻ മുരുകൻ പ്രത്യേകം ശ്രദ്ധിച്ചു. കോൺഗ്രിൽ നിന്ന് ചലച്ചിത്ര നടി ഖുശ്ബുനെപ്പോലുള്ളവരെ ബി ജെ പിയിലെത്തിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. ഇത് മേൽത്തട്ടിലുള്ളവരുടെയും സാധാരണക്കാരെയും പാർട്ടിയോട് കൂടുതൽ അടുപ്പിച്ചു. മുരുകന് കേന്ദ്രമന്ത്രിപദം നൽകിയത് സംസ്ഥാനത്ത് പാർട്ടിവേരോട്ടം കൂടുതൽ ശക്തമാക്കാൻ സാധിക്കുമെന്നും അങ്ങനെ ഭരണം പിടിക്കാൻ കഴിയുമെന്നുമാണ് പാർട്ടിയുടെ പ്രതീക്ഷ.
1977 ൽ തമിഴ്‌നാട്ടിലെ നമക്കൽ ജില്ലയിൽ ജനിച്ച മുരുകൻ അറിയപ്പെടുന്ന അഭിഭാഷകൻ കൂടിയാണ്. നിയമത്തിൽ ഡോക്ടറേറ്റും ഉണ്ട്. .തമിഴ്‌നാട്ടിലെ കോങ്കു മേഖലക്കാരനാണ്. എബിവിപി യിലൂടെയാണ് രാഷ്ട്രീയ പ്രവേശം. മദ്രാസ് ഹൈക്കോടതിയിൽ ഇന്ത്യാ ഗവൺമെന്റിന്റെ സ്റ്റാൻഡിംഗ് കൗൺസലായും ദേശീയ പട്ടികജാതി കമ്മീഷന്റെ വൈസ് ചെയർപേഴ്‌സണായി സേവനമനുഷ്ടിച്ചിട്ടുണ്ട്.