suicide

കൊച്ചി: കളമശേരിയിലെ എ.ആ‌ർ ക്യാമ്പ് ക്വാർട്ടേഴ്‌സിൽ ഗ്രേഡ് എസ്.ഐയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ സ്വദേശി അയ്യപ്പനാണ്(54) ആത്മഹത്യ ചെയ്‌തത്. സാമ്പത്തിക ബാദ്ധ്യതയെ തുടർന്നുണ്ടായ ആത്മഹത്യയാണെന്നാണ് പൊലീസ് നൽകുന്ന സൂചന. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെയേ വ്യക്തമാകൂയെന്നും മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.

കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ് അയ്യപ്പൻ. കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘം ഡയറക്‌ടർ ബോർഡ് അംഗം, പൊലീസ് അസോസിയേഷൻ സംസ്ഥാന നി‌ർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പൊലീസ് അസോസിയേഷന്റെ എറണാകുളം റൂറൽ ജില്ലാ കമ്മിറ്റി സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

പെരുമ്പാവൂരിലെ പൊലീസ് ക്യാന്റീനിന്റെ അസിസ്‌റ്റന്റ് മാനേജരായിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം ആലപ്പുഴയ്‌ക്ക് സ്ഥലംമാറ്റമായിരുന്നു. തുടർന്ന് ക്യാമ്പിലെ ക്വാർട്ടേഴ്‌സ് ഒഴിഞ്ഞു. പിന്നീട് ക്യാമ്പിലെ ക്വാർട്ടേഴ്‌സിൽ വ്യാഴാഴ്‌ച ഉച്ചയ്‌ക്കെത്തി ജീവനൊടുക്കുകയായിരുന്നു.എന്നാൽ ഇന്നലെ രാത്രിയാണ് സംഭവം പുറംലോകമറിഞ്ഞത്.