bar

​തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളില്‍ ഇന്ന് മുതല്‍ മദ്യവില്‍പ്പന പുനരാരംഭിക്കും. വെയര്‍ഹൗസ് നികുതി 25 ശതമാനത്തില്‍ നിന്ന് 13 ശതമാനമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നടപടി. ബാറുടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

വെയര്‍ഹൗസ് നികുതി എട്ടുശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് ബാറുകള്‍ ദീര്‍ഘകാലം അടച്ചിട്ടിരുന്നു. വെയര്‍ഹൗസ് ചാര്‍ജ് അടിയന്തരമായി കുറയ്ക്കണമെന്നതായിരുന്നു ആവശ്യം. അതിനിടെ ബിയറും വൈനും ബാറുകള്‍ വഴി നല്‍കാന്‍ തുടങ്ങിയെങ്കിലും മദ്യവില്‍പ്പന പുനരാരംഭിച്ചിരുന്നില്ല. വെയര്‍ഹൗസ് നികുതി എട്ടുശതമാനമാക്കിയില്ലെങ്കിലും 25 ശതമാനത്തില്‍ നിന്ന് 13 ശതമാനമാക്കി കുറച്ച പശ്ചാത്തലത്തിലാണ് മദ്യവില്‍പ്പന പുനരാരംഭിക്കാന്‍ ബാറുകള്‍ തീരുമാനിച്ചത്.

കൊവിഡ് വ്യാപനത്തെ തുടർന്ന് ബിവറേജസിന് മുന്നിലെ നീണ്ട നിരയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കല്യാണത്തിന് 20 പേര്‍ മതിയെന്ന് നിഷ്‌കര്‍ഷിക്കുന്ന സര്‍ക്കാര്‍ ബിവറേജസിന് മുന്നിലെ നീണ്ട നിര ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാത്തതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ഈ പശ്ചാത്തലത്തിലാണ് ബാറുകളിലെ മദ്യവില്‍പ്പന പുനരാരംഭിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചത്.