പാലക്കാട്: സിപിഎം സ്ഥാപക നേതാവും പശ്ചിമബംഗാൾ മുൻമുഖ്യമന്ത്രിയും ദീർഘകാലം പോളിറ്റ്‌ബ്യൂറോ അംഗവുമായിരുന്ന ജ്യോതി ബസുവിനെ അനുസ്‌മരിച്ചും ഇടത്പക്ഷത്തെ വിമർശിച്ചും ബിജെപി നേതാവ് സന്ദീപ് വാര്യർ. ജൂലായ് എട്ടിന് ജ്യോതി ബസുവിന്റെ ജന്മദിനത്തിൽ ബംഗാൾ നിയമസഭയിൽ ബിജെപി അദ്ദേഹത്തെ അനുസ്‌മരിച്ചെങ്കിലും ഇടത്പക്ഷം ഭരണത്തിലുളള കേരളത്തിൽ മുഖ്യമന്ത്രിയോ മറ്റ് നേതാക്കളോ അദ്ദേഹത്തെ ഓർമ്മിച്ചതേയില്ലെന്ന വിമർശനമാണ് സന്ദീപ് വാര്യർ ഉന്നയിച്ചത്.
പ്രത്യയശാസ്‌ത്രപരമായി അന്തരമുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇഎംഎസിന്റെ സംസ്‌കാരത്തിൽ ഡൽഹിയിൽ നിന്ന് എത്തിയ പാരമ്പര്യമാണ് ബിജെപിക്കുളളതെന്ന് സന്ദീപ് വാര്യർ ഫേസ്‌ബുക്ക് കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു. കേരളത്തിൽ സിപിഎമ്മിന്റെ ഒരു നേതാവോ എന്തിന് മുഖ്യമന്ത്രി പോലും കമ്മ്യൂണിസ്‌റ്റ് പാർട്ടിയിലെ ഈ മുതിർന്ന നേതാവിനെ ഓർത്തില്ലെന്നും സന്ദീപ് വാര്യർ വിമർശിക്കുന്നു.
സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം ചുവടെ:
ഇന്നലെ ജൂലായ് 8 . 23 വർഷം ബംഗാൾ മുഖ്യമന്ത്രിയായിരുന്ന സഖാവ് ജ്യോതി ബസുവിന്റെ ജന്മദിനം. ചരിത്രത്തിലാദ്യമായി ഒരു ഇടതു പക്ഷ അംഗം പോലുമില്ലാത്ത ബംഗാൾ നിയമസഭയിൽ ബിജെപി അംഗങ്ങൾ ജ്യോതി ബസുവിനെ അനുസ്മരിച്ചു.
പ്രത്യയശാസ്ത്രപരമായി വയോജിക്കുമ്പോഴും , സത്യപ്രതിജ്ഞക്ക് ശേഷം ഇഎംഎസ്സിന്റെ സംസ്‌കാരത്തിന് ഡൽഹിയിൽ നിന്ന് പറന്നെത്തിയ പാരമ്പര്യമാണ് ബിജെപിക്കുള്ളത് . അതൊരിക്കൽ കൂടി ബംഗാളിലെ ബിജെപി തെളിയിച്ചു.
സർദാർ പട്ടേലിനെ ബിജെപി അർഹിക്കുന്ന ആദരവോടെ അനുസ്മരിച്ചപ്പോൾ , അന്നുവരെ നെഹ്രു കുടുംബത്തിന്റെ അപദാനങ്ങൾ മാത്രം വാഴ്ത്തി പാടി ശീലമുള്ള കോൺഗ്രസുകാർക്ക് അത് സഹിക്കാനായിരുന്നില്ല .
കേരളത്തിലെ ഒറ്റ സിപിഎം നേതാവും , മുഖ്യമന്ത്രി പിണറായി വിജയൻ പോലും ഇന്നലത്തെ ദിവസം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളെ ഓർത്തില്ല . കൊലയാളി കുഞ്ഞനന്തനെ വരെ അനുസ്മരിക്കുന്ന പിണറായി ജ്യോതി ബസുവിനെ വിസ്മരിച്ചതെന്തുകൊണ്ടാണ് ? ബംഗാളിൽ ഇനി സിപിഎമ്മില്ല എന്ന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാനുള്ള വിമുഖതയാണോ? എന്തായാലും വളരെ മോശമായപ്പോയി .