സുവ: എല്ലാ ജോലിക്കാർക്കും വാക്സിനേഷൻ നിർബന്ധമാക്കാനൊരുങ്ങി ഫിജി. ആഗസ്റ്റ് 15നകം ഒന്നാം ഡോസ് വാക്സിനെടുക്കാത്ത എല്ലാ സർക്കാർ ജോലിക്കാരോടും അവധിയിൽ പോകാൻ പ്രധാനമന്ത്രി ഫ്രാങ്ക് ബെയ്നിമറാമ ആവശ്യപ്പെട്ടു. നവംബർ ഒന്നിനകം രണ്ടാം ഡോസ് എടുത്തില്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി
സ്വകാര്യ ജോലിക്കാർ ആഗസ്റ്റ് ഒന്നിനകം കുത്തിവയ്പ്പെടുക്കണമെന്നാണ് നിർദ്ദേശം.
വാക്സിനെടുക്കാത്തവർക്ക് കനത്ത പിഴയും കമ്പനികൾ അടച്ചുപൂട്ടിക്കുമെന്നും ഉത്തരവുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ ജനങ്ങൾ പാലിക്കാത്തതിനാൽ രാജ്യത്ത് വൈറസ് വ്യാപനം കൂടിയതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്.
ഏപ്രിൽ വരെ ഫിജിയിൽ സമൂഹവ്യാപനം ഉണ്ടായിരുന്നില്ല. എന്നാൽ ക്വാറന്റൈൻ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടതോടെ ഡെൽറ്റ വകഭേദം രാജ്യത്ത് പടർന്ന് പിടിക്കുകയായിരുന്നു. ഇപ്പോൾ പ്രതിദിനം 700ലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.