vaccine

ന്യൂഡൽഹി : ഈ വർഷം അവസാനത്തോടെ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കൊവിഡ് പ്രതിരോധ വാക്സിൻ നൽകും. വാക്സിൻ അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിന്റെ തലവനായ ഡോ എൻ കെ അറോറയാണ് ഇക്കാര്യം ദേശീയ മാദ്ധ്യമത്തോട് വെളിപ്പെടുത്തിയത്. വാക്സിനുകളുടെ ലഭ്യത ഇപ്പോൾ വർദ്ധിച്ചുവെന്നും, വാക്സിനേഷൻ സെന്ററുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ മേയ് മാസം വരെ പ്രതിമാസം 5.6 കോടി ഡോസുകൾ നൽകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 10 മുതൽ 12 കോടി വരെ നൽകാനാവുന്നുണ്ട്. ഇത് അടുത്ത മാസത്തോടെ 16 മുതൽ 18 കോടിയായി ഉയർത്തുകയാണ് ലക്ഷ്യം. സെപ്തംബർ മാസമാകുമ്പോൾ മുപ്പത് കോടിയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാക്സിൻ ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം ഇതുപോലെ ഉത്തരവാദിത്തമുള്ളതാണ് വാക്സിനേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നത്. എന്നാൽ അത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഡോ എൻ കെ അറോറ ഓർമ്മിപ്പിച്ചു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ കണക്ക് പരിശോധിച്ചാൽ 56 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് കേസുകളുടെ എണ്ണം രാജ്യത്ത് വർദ്ധിച്ചതായി കാണുന്നു. ഡിസംബറിൽ ലക്ഷ്യം പൂർത്തീകരിക്കാൻ വാക്സിനേഷൻ വേഗത ഇനിയും കൂട്ടേണ്ടതായിട്ടുണ്ട്. മൂന്നാം തരംഗത്തെ തടയാൻ ഇത് അത്യാവശ്യമാണെന്നും വാക്സിൻ അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിന്റെ തലവൻ അഭിപ്രായപ്പെടുന്നു. ഇതിനായി പ്രതിദിനം 8.7 ദശലക്ഷം കുത്തിവയ്പ്പുകൾ നടത്തുന്നുണ്ട്.

ആറ് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ രാജ്യം കൊവിഡ് മൂന്നാം തരംഗത്തെ നേരിടേണ്ടി വരുമെന്ന് കഴിഞ്ഞ മാസം ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മേധാവി ഡോ രൺദീപ് ഗുലേറിയ മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ കൊവിഡ് നിരക്കിൽ ചെറിയ വർദ്ധനവ് ഉണ്ടായതോടെ മൂന്നാമത്തെ തരംഗത്തെക്കുറിച്ചുള്ള ആശങ്ക വർദ്ധിച്ചിരിക്കുകയാണ്.