ഓൺലൈൻ ഫുഡ് ഡെലിവറി പ്ളാറ്റ്‌ഫോമായ സൊമാറ്റോ അവരുടെ ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായി തങ്ങളുടെ വെബ്‌സൈറ്റിലെയും ആപ്പിലെയും തകരാറുകൾ കണ്ടെത്താൻ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ഹാക്കർമാരെയും കമ്പ്യൂട്ടർ സുരക്ഷാ ഗവേഷകരുടെയും സഹായം അവർ തേടിയിരിക്കുകയാണ്. വെറുതെ തെറ്റ് കണ്ടെത്താനല്ല വലിയ തകരാറുകൾ കണ്ടെത്തുന്നവർക്ക് മൂന്ന് ലക്ഷം രൂപയുടെ പാരിതോഷികമാണ് സൊമാറ്റോ പ്രഖ്യാപിച്ചിരിക്കുന്നത്.
കോമൺ വൾണറബിളിറ്റി സ്‌കോറിംസ് സംവിധാനം(സിവിഎസ്എസ്) ഉപയോഗിച്ച് പിഴവുകളിലെ അപകടസാദ്ധ്യതയുടെ തീവ്രത തങ്ങളുടെ സുരക്ഷാ ടീം തീരുമാനിക്കുമെന്ന് സൊമാറ്റോ അറിയിച്ചു. അപകടസാദ്ധ്യതയെ നാലായി തിരിച്ചിട്ടുണ്ട്. ലോ, മീഡിയം, ക്രിട്ടിക്കൽ, ഹൈ എന്നിങ്ങനെയാണത്. ക്രിട്ടിക്കൽ ആയുളള ഒരു തകരാറ് കണ്ടെത്തിയാൽ 4000 ഡോളറാണ് ലഭിക്കുക.
രണ്ട് ഘട്ട പരിശോധനക്ക് ശേഷമാണ് ബിഗ് ബൗണ്ടി പ്രോഗ്രാമിൽ പങ്കെടുക്കാനാകുക. വെബ്‌സൈറ്റിലെയും ആപ്പിലെയും സുരക്ഷ കമ്പനി ഗൗരവമായി തന്നെ കാണുന്നെന്നും അതിനാലാണ് ഈ പാരിതോഷികമെന്നും കമ്പനി വക്താക്കൾ അറിയിച്ചു. സാധാരണയായി ബഗ് ബൗണ്ടി പ്രൊഫഷണലുകൾ അംഗീകൃത സൈബർ സെക്യൂരിറ്റി പ്രൊഫഷണലുകൾ തന്നെയാകും. അവർ വെബിൽ സൂക്ഷ്‌മമായി പരിശോധിച്ച് തകരാറുകളെ കണ്ടെത്തി കമ്പനികളെ അറിയിക്കുന്നു. ഫേസ്‌ബുക്കും മൈക്രോസോഫ്‌റ്റുമെല്ലാം ഇത്തരത്തിൽ പ്രൊഫഷണലുകൾക്ക് വലിയ പ്രതിഫലം നൽകാറുണ്ട്.
തകരാറുകൾ കണ്ടെത്തി ഉടൻ തന്നെ ഹാക്കർമാരും പ്രൊഫഷണലുകളും അത് കമ്പനിയെ അറിയിക്കണം. മറ്റൊരാളോട് അത് പറയും മുൻപ് പ്രശ്‌നം പരിഹരിക്കാൻ കമ്പനിക്ക് മതിയായ സമയവും നൽകണമെന്നാണ് കമ്പനി ആവശ്യപ്പെടുന്നത്.