കൊവിഡിനൊപ്പം മലയാളികളെ പേടിപ്പിക്കാൻ സിക്ക വൈറസുമെത്തി. ഒട്ടുമിക്ക മാരക വൈറസുകളെപ്പോലെ സിക്ക വൈറസിന്റെ ഉത്ഭവവും ആഫ്രിക്കൻ ഭൂഖണ‌്ഡത്തിലാണ്. യുഗാൻഡയിലെ ഒരു വൻപ്രദേശത്തിന്റെ പേരാണ് സിക്ക. ഈ പേര് വൈറസിന് വന്നതിന് പിന്നിൽ ഒരു കാരണമുണ്ട്. ഈ വനപ്രദേശത്തെ കുരങ്ങുകളിലാണ് ആദ്യം വൈറസ് സ്ഥിരീകരിച്ചത്. വൈറസിനെ കണ്ടെത്തിയത് 1947 ലായിരുന്നു എങ്കിലും കാടിന്റെ പേര് അതിന് നൽകിയത് തൊട്ടടുത്ത വർഷമായിരുന്നു. അപ്പോഴൊന്നും ഇത് മനുഷ്യനെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞർക്ക് അറിയില്ലായിരുന്നു.
എന്നാൽ 1952 ആയപ്പോഴേക്കും കഥമാറി. ഈ വൈറസ് മനുഷ്യനിൽ ബാധിക്കുമെന്ന് വ്യക്തമായി. നിരവധി രാജ്യങ്ങളിലെ മനുഷ്യരിൽ തുടർന്നുള്ള വർഷം രോഗം ബാധിച്ചു. ആഫ്രിക്ക, ഏഷ്യ, പസഫിക് ദ്വീപുകൾ, തെക്ക്, മദ്ധ്യ അമേരിക്ക എന്നിവിടങ്ങളിലെ ആളുകളെയാണ് കൂടുതൽ ബാധിച്ചത്. എന്നാൽ കൊവിഡ് വൈറസിനെപ്പോലെ ജീവനെടുക്കാൻ തക്കശേഷിയില്ലാത്തതിനാൽ പകർച്ചവ്യാധി എന്ന നിലയിൽ ലോകത്തെ പേടിപ്പിച്ചില്ലെന്ന് മാത്രം.
കൊതുകുകടിക്കുന്നതിലൂടെ മാത്രമേ രോഗം പകരൂ എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പിന്നീട് ഗർഭിണികളിൽ നിന്നും കുഞ്ഞുങ്ങളിലേക്കും ലൈംഗിക ബന്ധത്തിലൂടെയും രക്തം സ്വീകരിക്കുക വഴിയും രോഗം പകരുമെന്ന് കണ്ടെത്തി. അതോടെയാണ് ഭീതി വർദ്ധിച്ചുതുടങ്ങി. എന്നാൽ ജീവനെടുക്കാൻ തക്ക ശക്തി വൈറസിനില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
മനുഷ്യനിൽ രോഗം പടർത്തുന്നത് ഈഡിസ് കൊതുകുകളിലൂടെയാണ്. സാധാരണ പകലാണ് ഇത്തരം കൊതുകുകള്‍ കടിക്കുന്നത്. പനി, ചുവന്ന പാടുകൾ, തലവേദന, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഗര്‍ഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതയ്ക്കും ഗര്‍ഭഛിത്രത്തിനും കാരണമായേക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും സിക്ക ബാധിച്ചാല്‍ നാഡീസംബന്ധമായ പ്രശങ്ങളിലെത്തിക്കും. വൈറസ് കണ്ടെത്തിയിട്ട് വർഷങ്ങളായെങ്കിലും ഇപ്പോഴും ചികിത്സ കണ്ടെത്തിയിട്ടില്ല. ശരിയായ വിശ്രമമെടുക്കുകയാണ് ഏക പോംവഴി.