ന്യൂഡൽഹി: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഒരിക്കൽകൂടി അധികാരത്തിൽ വരുന്നത് ഒഴിവാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനു വേണ്ടി സഖ്യകക്ഷികളിൽ ഭാഗമാകുന്നതിൽ തെറ്റ് കാണുന്നില്ലെന്നും എ ഐ എം ഐ എം പ്രസിഡന്റ് അസാദുദീൻ ഒവൈസി പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഒവൈസി ഇക്കാര്യം വെളിപ്പെടുത്തിയത്. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ നൂറ് സീറ്റിലേക്ക് മത്സരിക്കാനുള്ളവരുടെ അപേക്ഷ ക്ഷണിച്ചിട്ടുള്ളതായി കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന പ്രസിഡന്റ് ഷൗക്കത്ത് അലി അറിയിച്ചിരുന്നു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ഓം പ്രകാശ് രാജ്ഭാറിന് കീഴിലുള്ള ഭഗീദരി സങ്കൽപ് മോർച്ചയുടെ സഖ്യത്തിനു കീഴിലാണ് എഐഎംഐഎം മത്സരിക്കുന്നത്. എന്നാൽ ഇതു വരെയായും മത്സരിക്കേണ്ട സീറ്റുകളുടെ കാര്യത്തിൽ ഇവർ തമ്മിൽ ഒരു ധാരണയിലെത്തിയിട്ടില്ല.
യു പിയിൽ ഇപ്പോൾ തന്റെ പാർട്ടിക്ക് മികച്ച അടിത്തറയുണ്ടെന്നും എൺപതോളം വരുന്ന അസംബ്ളി മണ്ഡലങ്ങളിൽ പാർട്ടി പ്രവർത്തകരുടെ നൂറ് ശതമാനം സാന്നിധ്യം ഉറപ്പാക്കാൻ സാധിക്കുന്നുണ്ടെന്നും ഒവൈസി അവകാശപ്പെട്ടു. യു പിയിൽ ബി ജെ പിയെ തോൽപിക്കുക എന്നതാണ് പ്രധാനം. കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി ഞങ്ങൾ തുടർച്ചയായി കോർപ്പറേഷൻ സീറ്റുകളിൽ വിജയിക്കുന്നുണ്ട്. ബി ജെ പിയെ പരാജയപ്പെടുത്തുകയെന്നത് അസാദ്ധ്യമായ കാര്യമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.