രോഗം വരുമ്പോൾ മാത്രം ആരോഗ്യത്തെപ്പറ്റി ചിന്തിക്കുന്നവരാണ്
നമ്മളിൽ അധികം പേരും. എല്ലാ കാര്യത്തിലും മുൻകരുതലെടുക്കുന്ന നാം ആരോഗ്യത്തിന്റെ കാര്യത്തിൽ ഈ ശ്രദ്ധ കാട്ടാറില്ലെന്നതാണ്
വാസ്തവം. വിദ്യാഭ്യാസം, ജോലി, ഗൃഹനിർമ്മാണം എന്നിവയ്‌ക്കെല്ലാം വളരെ നേരത്തെയുള്ള കരുതലും അതിനുവേണ്ടിയുള്ള കണക്കുകൂട്ടലുമെല്ലാം നമ്മൾ നടത്താറുണ്ട്. ഈ കണക്കുകളോ കരുതലോ ആരോഗ്യത്തിന്റെ കാര്യത്തിൽ ഇല്ല തന്നെ. സ്ത്രീകൾ പ്രത്യേകിച്ചും ആരോഗ്യ വിഷയങ്ങളിൽ പുറകോട്ടാണ്.
ഓജസോടെയും ചുറുചുറുക്കോടെയും ജീവിച്ചുകൊണ്ടിരുന്ന നാം മദ്ധ്യവയസിലേയ്ക്കും വാർദ്ധക്യത്തിലേയ്ക്കും കടക്കുന്നത് ആരോഗ്യപരമായ ഒരു കണക്കുകൂട്ടലും ഇല്ലാതെയാണ്. അതുകൊണ്ടുതന്നെ, രോഗാതുരകൾ ഏറുകയും ചെയ്യും.
മദ്ധ്യവയസിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പ്രത്യേകമായും പരോക്ഷമായും അനവധിയാണ്. 50 വയസിലേയ്ക്ക് കടക്കുന്ന ഒരു ശരാശരി സ്ത്രീയുടെ സാഹചര്യങ്ങൾ വിശകലനം ചെയ്താൽ ജീവിതത്തിൽ ഏറ്റവും കൂടുതൽ കർമ്മനിരത ആകുന്ന കാലഘട്ടം ഇതാണെന്ന് മനസ്സിലാകും.
വയസായ മാതാപിതാക്കൾ, പഠിത്തം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്ന മക്കൾ, കല്യാണ പ്രായമായ പെൺകുട്ടികൾ എന്നിങ്ങനെ ഗാർഹിക ഉത്തരവാദിത്വങ്ങളുടെ ഒരു വേലിയേറ്റം, അതിനൊപ്പം ആർത്തവ വിരാമം അടുക്കുന്നതിന്റെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ. ഇതിനിടയിൽ സ്വന്തം ആരോഗ്യത്തെ പറ്റി ചിന്തിക്കാൻ സമയമില്ലാത്തതിൽ അത്ഭുതമില്ല. മദ്ധ്യവയസിലേയ്ക്കു കടക്കുന്ന ഒരു സ്ത്രീയുടെ ആരോഗ്യ പ്രശ്നങ്ങൾ പലതാണ്. അവയെ മൂന്നായി തരം തിരിക്കാം.
സ്ത്രീകളിലും പുരുഷന്മാരിലും പൊതുവായി കാണുന്ന ആരോഗ്യ പ്രശ്നങ്ങളാണ് ആദ്യത്തേത്. മാസമുറ നിന്നു പോയതിന്റെയോ ആർത്തവ വിരാമം അടുക്കുന്നതിന്റെയോ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളാണ് രണ്ടാമത്തേത്.
മൂന്നാമത്തേത് പ്രായം കൂടുന്നതിനനുസരിച്ച് പ്രത്യുല്പാദന അവയവങ്ങളുടെ അർബുദം ബാധിക്കാനുള്ള സാദ്ധ്യതയാണ്.
അമ്പത് വയസിലേയ്ക്കു കടക്കുന്ന സ്ത്രീക്ക് ഉണ്ടാകുന്ന പൊതുവായ ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, അമിതവണ്ണം, തൈറോയ്ഡ് ഹോർമോണിന്റെ കുറവ് എന്നിവയാണ് അവയിൽ പ്രധാനം.
രക്തസമ്മർദ്ദവും
പ്രമേഹവും
തൈറോയ്ഡ് ഹോർമോണിന്റെ അളവ് ചെറിയ തോതിൽ കുറഞ്ഞു തുടങ്ങുന്നത് പ്രത്യേകമായ ലക്ഷണങ്ങൾ ഉണ്ടാക്കാറില്ല. എന്നാൽ, ആരോഗ്യപരമായ ജീവിത നിലവാരത്തെ ബാധിക്കും. ക്ഷീണം, കൈകാൽ കഴപ്പ്, വിളർച്ച എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ജീവിതത്തിന്റെ ഭാഗമായി മാറും.
ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും പാരമ്പര്യ രോഗങ്ങൾ എന്നതിലുപരി ജീവിതശൈലി രോഗങ്ങളുമാണ്. ജീവിതസൗകര്യങ്ങൾ കൂടുന്നതിനനുസരിച്ച് വ്യായാമം കുറയുകയും ഭക്ഷണരീതികൾ പാടേ മാറുകയും ചെയ്യുന്നു. പാരമ്പര്യമായി ഈ രോഗസാദ്ധ്യതയുള്ളവർക്ക് നേരത്തെ തന്നെ പിടിപെടും. ഈ രണ്ട് രോഗങ്ങളും പ്രാരംഭ ദശയിൽ ലക്ഷണങ്ങളൊന്നുമുണ്ടാക്കുന്നില്ല എന്നതുകൊണ്ട് അത് കണ്ടുപിടിക്കാനും വൈകുന്നു. മാത്രമല്ല 'എനിക്ക് പ്രശ്നമൊന്നുമില്ല' എന്നു പറഞ്ഞ് വാസ്തവങ്ങളെ നേരിടാനുള്ള വിമുഖതയും മനുഷ്യസഹജമാണ്.
ഈ പ്രായത്തിലെ സ്ത്രീ ഹോർമോണുകളുടെ വ്യതിയാനവും അടിവയറ്റിലെ കൊഴുപ്പ് വർദ്ധിക്കാൻ ഒരു കാരണമാണ്. അമിതമായ കൊഴുപ്പ് ഇൻസുലിൻ എന്ന ഹോർമോണിന്റെ പ്രവർത്തനത്തെ തടയുന്നത് പ്രമേഹത്തിന് ഒരു കാരണമാണ്.
ആർത്തവ വിരാമത്തിന്റെ പ്രായം ശരാശരി 50 മുതൽ 51 വയസാണ്. എന്നാൽ, ഇതിന് പത്ത് വർഷം മുമ്പ് തന്നെ വ്യത്യാസങ്ങൾ ശരീരത്തിലും ആർത്തവക്രമത്തിലും രക്തസ്രാവത്തിലും കണ്ടു തുടങ്ങുന്നു. തെറ്റിവരുന്ന ആർത്തവവും അമിത രക്തസ്രാവവും സ്ത്രീകളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. ഈ ക്രമക്കേടുകൾ മാസക്കുളി നിൽക്കാൻ പോകുന്നതുകൊണ്ട് മാത്രമായിരിക്കണമെന്നില്ല. ചിലപ്പോൾ പ്രത്യുത്പാദന അവയവങ്ങളിൽ വരുന്ന അർബുദ രോഗത്തിന്റെ മുന്നോടിയാകാം. അതിനാൽ മാസക്കുളിയിൽ ക്രമക്കേടുകൾ കണ്ടാൽ ഒരു സ്ത്രീരോഗ വിദഗ്ദ്ധയുടെ ഉപദേശം തേടുക തന്നെ വേണം.
ഈ സമയത്തുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ ശാരീരികമായ അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. ഉറക്കമില്ലായ്മ, തലയിൽ നിന്ന് ആരംഭിച്ച് താഴേയ്ക്കു വ്യാപിക്കുന്നന്ന ചൂടിന്റെ അലകളും അതിനെ തുടർന്നുണ്ടാകുന്ന വിയർപ്പും സ്ത്രീകളുടെ ജീവിതം ദുസഹമാക്കുന്നു. ഇത് ഉറക്കക്കുറവിനും കാരണമാകുന്നു. തീവ്രമായ രീതിയിൽ ഈ പ്രതിഭാസം ചെറിയ ശതമാനം സ്ത്രീകളിലേ കാണുന്നുള്ളൂ.
സ്ത്രീകൾക്ക് ഈ പ്രായത്തിൽ വൈകാരികമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും ഹോർമോൺ വ്യതിയാനങ്ങൾ കാരണമാകുന്നു. പെട്ടെന്ന് നിയന്ത്രണം വിട്ട് ദേഷ്യപ്പെടുക, ചെറിയ കാര്യങ്ങൾ കൊണ്ടു പോലും മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടുക എന്നിങ്ങനെ വിഷാദ രോഗങ്ങൾക്ക് വരെ ഇത് കാരണമായേക്കാം. തൊലിയിൽ വീഴുന്ന ചുളിവുകൾ, ചർമത്തിന്റെ വരൾച്ച തുടങ്ങിയവ സൗന്ദര്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു.
ആഹാരവും
വ്യായാമവും
എല്ലുകളുടെ ബലം കഴിക്കുന്ന ആഹാരത്തിലെ കാത്സ്യത്തിന്റെ അളവും വ്യായാമവും അനുസരിച്ചിരിക്കും. എല്ലുകളുടെ ഉറപ്പ് തുടങ്ങുന്നത് ഗർഭാവസ്ഥയിലാണ്. അതുകൊണ്ടാണ്, ഗർഭിണികൾക്ക് കാത്സ്യം ഗുളിക നൽകുന്നത്. മദ്ധ്യവയസായാൽ സ്ത്രീകൾ കാത്സ്യം ഗുളിക കഴിച്ചു തുടങ്ങണം, ആർത്തവ വിരാമം വന്നാൽ പ്രത്യേകിച്ചും. കുട്ടികളായിരിക്കുമ്പോഴേ വ്യായാമം ശീലമാക്കുക. അത് ജീവിതകാലം മുഴുവൻ തുടർന്നുകൊണ്ടു പോകുകയും വേണം. ജീവിതത്തിൽ വ്യായാമം ശീലമാക്കിയിട്ടില്ലെങ്കിൽ, മദ്ധ്യവയസിലെങ്കിലും അതിന് തുടക്കം കുറിക്കുക.
ജോലിക്കും കുടുംബത്തിനും വേണ്ടിയുള്ള നെട്ടോട്ടത്തിനിടയിൽ ദിവസം ഒരു മണിക്കൂർ അവനവന് വേണ്ടി നീക്കി വയ്ക്കുന്നത് അനിവാര്യമാണ്. അത് സ്വാർത്ഥതയല്ല. പൊക്കത്തിനൊത്ത വണ്ണം എന്നത് ഒരു മന്ത്രം പോലെ മനസ്സിൽ പതിയട്ടെ. ദുർമേദസ് നമ്മുടെ മുട്ടുകൾക്കും ഹൃദയത്തിനും രക്തധമനികൾക്കും ഒരു ഭാരം തന്നെയാണ്. അത് ജീവിതത്തിന്റെ ദൈർഘ്യം കുറയ്ക്കുമെന്ന് മാത്രമല്ല, ജീവിതത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കും. സ്ത്രീകളെന്നും കുടുംബത്തിന്റെ അത്താണിയാണ്. വാർദ്ധക്യത്തിൽ കുടുംബത്തിന് ഭാരമാകാതെ ജീവിയ്ക്കണമെങ്കിൽ 50 വയസിലെങ്കിലും സ്വന്തം ആരോഗ്യത്തെ പറ്റി ചിന്തിക്കണം.
ആരോഗ്യ സംമ്പുഷ്ടമായ ജീവിതത്തിലേയ്ക്ക് നടന്നടുക്കണം.
ഡോ.ലക്ഷ്മി അമ്മാൾ
ഗൈനക്കോളജിസ്റ്റ്
എസ്.യു.ടി ആശുപത്രി
പട്ടം, തിരുവനന്തപുരം