minister

തിരുവനന്തപുരം: കേരളത്തിൽ നിന്ന് തന്നെ ആട്ടിപ്പായിച്ചതാണെന്നും സ്വയം പോകുന്നതല്ലെന്നുമുള്ള കിറ്റെ‌ക്‌സ് ഗ്രൂപ്പ് എം ഡി സാബു എം ജേക്കബിന്റെ ആരോപണത്തിൽ പ്രതികരണവുമായി വ്യവസായ മന്ത്രി പി. രാജീവ്. ആട്ടിയോടിച്ചു എന്നുള്ള ആരോപണം ദൗര്‍ഭാഗ്യകരമാണെന്നും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

'അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. കിറ്റെക്സ് നടത്തുന്ന പ്രതികരണങ്ങൾ സമൂഹം പരിശോധിക്കട്ടെ. സർക്കാർ സൗമ്യമായി തന്നെയാണ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. സർക്കാരിന് ഇപ്പോഴും തുറന്ന മനസുതന്നെയാണ്. എല്ലാ സംരംഭകരുമായും നല്ല രീതിയില്‍ ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. കിറ്റക്സിന്റെ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നതാണ് - അദ്ദേഹം പറഞ്ഞു.

നല്ല രീതിയില്‍ വ്യവസായം തുടങ്ങാനുള്ള അന്തരീക്ഷം ഇവിടെ ശക്തിപ്പെട്ട് വരുന്നുണ്ട്. നിക്ഷേപകര്‍ ഇവിടേക്ക് വരുന്നുണ്ട്. ഇത്തരം ഒരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ തെറ്റായ രീതിയിലുള്ള സന്ദേശം ഉണ്ടാകരുതെന്ന അഭ്യര്‍ത്ഥനയാണ് നടത്തിയത് - മന്ത്രി വ്യക്തമാക്കി.

തെലങ്കാനയിലേക്ക് പോകും മുമ്പ് കൊച്ചി വിമാനത്താവളത്തിൽ വച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കേരളത്തിൽ നിന്ന് ആട്ടിപ്പായിച്ചെന്ന് സാബു ജേക്കബ് പറഞ്ഞത്. 'താനൊരിക്കലും കേരളം വിട്ട് പോകും എന്ന് കരുതിയതല്ല, തന്നെ കേരളത്തിൽ നിന്ന് ചവിട്ടിപുറത്താക്കുകയിരുന്നു. മൃഗത്തെപ്പോലെ വേട്ടയാടി. പിടിച്ച് നിൽക്കാൻ പരമാവധി ശ്രമിച്ചു. സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കാനല്ല ഈ യാത്ര എന്നാണ് അദ്ദേഹം പറഞ്ഞത്. .