core

കൊച്ചി: ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന സൂചികയിൽ (ഐ.ഐ.പി) സുപ്രധാന പങ്കുവഹിക്കുന്ന മുഖ്യ വ്യവസായരംഗം തുടർച്ചയായി ഉത്‌പാദനവളർച്ച നേടുന്നത് സമ്പദ്‌മേഖലയ്ക്ക് ആശ്വാസമാകുന്നു. സ്‌റ്റീൽ, സിമന്റ്, വൈദ്യുതി, വളം, പ്രകൃതിവാതകം, റിഫൈനറി ഉത്‌പന്നങ്ങൾ, കൽക്കരി, ക്രൂഡോയിൽ എന്നീ പ്രധാന വിഭാഗങ്ങളാണ് മുഖ്യ വ്യവസായ മേഖലയിലുള്ളത്. മേയിൽ ഇവ സംയുക്തമായി കുറിച്ച വളർച്ച 16.8 ശതമാനം. ഏപ്രിലിൽ 60.9 ശതമാനവും മാർച്ചിൽ 11.4 ശതമാനവുമായിരുന്നു വളർച്ച.

നെഗറ്റീവ് 21.4 ശതമാനമായിരുന്നു 2020 മേയിൽ വളർച്ച. നടപ്പുവർഷം ഏപ്രിൽ-മേയിൽ വളർച്ച 2020ലെ സമാനകാലത്തെ നെഗറ്റീവ് 29.4 ശതമാനത്തിൽ നിന്ന് പോസിറ്റീവ് 35.8 ശതമാനത്തിലേക്കും മെച്ചപ്പെട്ടു. മേയിൽ പ്രകൃതിവാതകം 20.1 ശതമാനം, റിഫൈനറി ഉത്‌പന്നങ്ങൾ 15.3 ശതമാനം, സ്‌റ്റീൽ 59.3 ശതമാനം, സിമന്റ് 7.9 ശതമാനം, വൈദ്യുതി 7.3 ശതമാനം, കൽക്കരി 6.9 ശതമാനം എന്നിങ്ങനെ ഉത്‌പാദനം ഉയർത്തി. 2020 മേയിൽ ഇവയെല്ലാം രേഖപ്പെടുത്തിയത് നെഗറ്റീവ് വളർച്ചയായിരുന്നു. വളവും ക്രൂഡോയിലും കഴിഞ്ഞമാസം നെഗറ്റീവ് വളർച്ചയിലേക്ക് വീണു.