whatsapp

ന്യൂഡൽഹി: പുതിയ സ്വകാര്യതാ നയം സ്വീകരിക്കാൻ ഉപഭോക്താക്കളെ നിർബന്ധിക്കില്ലെന്ന് ഡൽഹി ഹൈക്കോടതിയെ അറിയിച്ച് വാട്‌സാപ്പ്. വ്യക്തിഗത ഡാറ്റാ സംരക്ഷണ ബിൽ പ്രാബല്യത്തിൽ വരുന്നതുവരെയാണിതെന്ന് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള‌ള വാട്‌സാപ്പ് കോടതിയെ അറിയിച്ചു. സ്വകാര്യതാ നയം അംഗീകരിക്കേണ്ട എന്ന് തീരുമാനിച്ചവർക്കുള‌ള സേവനം അവസാനിപ്പിക്കില്ലെന്നും വാട്‌സാപ്പ് അറിയിച്ചു.

മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവെയാണ് ഡൽഹി ഹൈക്കോടതിയിൽ കമ്പനിക്ക് വേണ്ടി ഹാജരായത്. ഡാറ്റാ സംരക്ഷണ ബിൽ നിലവിൽ വരുന്നതുവരെ നിലവിലെ പോലെ അപ്ഡേറ്റ് വിവരം ഉപഭോക്താക്കൾക്ക് സൂചിപ്പിക്കുമെന്നും വാട്‌സാപ്പ് കോടതിയെ അറിയിച്ചു.

എന്നാൽ കോമ്പറ്റിഷൻ കമ്മിഷൻ ഓഫ് ഇന്ത്യ നടത്തുന്ന അന്വേഷണത്തിൽ നിന്നും ഫേസ്‌ബുക്കിനോ, വാട്‌സാപ്പിനോ സംരക്ഷണം നൽകാൻ കോടതി തയ്യാറായില്ല. കേസ് ഇനി ജൂലായ് 30ന് വീണ്ടും വാദം കേൾക്കും.

സിസിഐയ്‌ക്കെതിരായ ഹർജി സിംഗിൾ ബെഞ്ച് തള‌ളിക്കളഞ്ഞതിനെതിരെ ഡിവിഷൻ ബെഞ്ചിലെ വാദത്തിനിടെയാണ് വാട്‌സാപ്പ് ഈ വിവരം അറിയിച്ചത്. സിസിഐ അന്വേഷണത്തിന് കാരണമായ അപ്ഡേറ്റ് സ്വമേധയാ നിർത്തിവച്ചിരിക്കുകയാണ്. പുതുക്കിയ ഡാറ്റ നയം കമ്പനി നടപ്പാക്കും. ഡാറ്റ പങ്കിടുന്നത് പാർലമെന്റ് അംഗീകരിച്ചാൽ തങ്ങളെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് കമ്പനി വാദത്തിനിടെ പറഞ്ഞു.