ന്യൂഡൽഹി: കൊവിഡ് മൂന്നാംതരംഗത്തിന്റെ സാദ്ധ്യത കണക്കിലെടുത്ത് രാജ്യത്ത് കൂടുതൽ ഓക്സിജൻ പ്ലാന്റുകള്‍ സ്ഥാപിക്കുന്നു. കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതിയിൽ ചേർന്ന ഉന്നതലയോഗത്തിൽ പി എം കെയേഴ്സ് ഫണ്ടിന്റെ സഹായത്താൽ രാജ്യത്ത് പലയിടങ്ങളിലായി 1500 പി എസ് എ ഓക്‌സിജന്‍ പ്ലാന്റുകള്‍ സജ്ജമാവുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവ പ്രവർത്തന സജ്ജമാകുന്നതോടെ ഓക്‌സിജന്‍ വിതരണത്തിനുണ്ടാവുന്ന ദൗര്‍ലഭ്യം പരിഹരിക്കപ്പെടുമെന്നും ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചു.
നാലുലക്ഷം ഓക്സിജൻ ബെഡുകൾക്കുള്ള ഓക്സിജൻ ഇവയിലൂടെ ഉത്പാദിപ്പിക്കാൻ കഴിയും. പ്ലാന്റുകള്‍ എത്രയും പെട്ടെന്ന് പ്രവർത്തനയോഗ്യമാക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്ലാന്റുകളുടെ പ്രവർത്തനവും പരിപാലനവും സംബന്ധിച്ച് ആശുപത്രി ജീവനക്കാർക്ക് മതിയായ പരിശീലനം നൽകണമെന്നും പ്രാദേശിക, ദേശീയ തലങ്ങളിൽ ഓക്സിജൻ പ്ലാന്റുകളുടെ പ്രവത്തനം നിരീക്ഷിക്കാൻ നൂതന സാങ്കേതികവിദ്യ വിന്യസിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പുറമേ കാബിനറ്റ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവർ ഉന്നതതല യോഗത്തിൽ പങ്കെടുത്തു.