കാബൂൾ : അമേരിക്കൻ സൈനികർ അഫ്ഗാനിസ്ഥാനിൽ നിന്നും പിന്മാറ്റം വേഗത്തിലാക്കിയതിന് പിന്നാലെ ഇറാനുമായി പങ്കിടുന്ന അതിർത്തിയും താലിബാൻ ഭീകരർ പിടിച്ചെടുത്തു. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഒരു പ്രധാന ജില്ലയുടെ നിയന്ത്രണം കൈയ്യടക്കിയതോടെയാണ് ഇറാൻ അതിർത്തിയിൽ മേധാവിത്വം പുലർത്താൻ താലിബാനായത്. സായുധ സംഘം അതിവേഗത്തിലാണ് പ്രദേശങ്ങൾ കീഴടക്കുന്നതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോൾ
ഇറാൻ, താജിക്കിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ, ചൈന, പാക്കിസ്ഥാൻ എന്നീ അഞ്ച് രാജ്യങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽ താലിബാൻ സാന്നിദ്ധ്യം ശക്തമാണ്. ഇരുപത് വർഷമായി അഫ്ഗാനിസ്ഥാനിൽ നിലയുറച്ച നാറ്റോ സഖ്യസേന പിന്മാറ്റം ആരംഭിച്ചതോടെയാണ് താലിബാൻ നീക്കം ശക്തമാക്കിയത്. ഉസ്‌ബെക്കിസ്ഥാന്റെ അതിർത്തിയിലുള്ള വടക്കൻ ബാൽക്ക് പ്രവിശ്യയിൽ താലിബാനും അഫ്ഗാൻ സേനയും തമ്മിലുള്ള പോരാട്ടങ്ങൾ ഇപ്പോൾ തുടരുകയാണ്. താലിബാനിൽ നിന്നും രക്ഷപ്പെടുന്നതിനായി മാദ്ധ്യമ പ്രവർത്തകരടക്കം അയൽ രാജ്യത്തേക്ക് പാലായനം ചെയ്യുകയാണ്.
തലവേദന ചൈനയ്ക്കും
ചൈനയുടെയും പാകിസ്ഥാന്റെയും അതിർത്തിയായ വടക്കൻ പ്രവിശ്യയായ ബദാക്ഷന്റെ ഭൂരിഭാഗവും ഈ ആഴ്ച ആദ്യം തന്നെ താലിബാൻ കൈവശപ്പെടുത്തിയിരുന്നു. ഇതോടെ ആയിരത്തിലധികം അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥർ താജിക്കിസ്ഥാനിലേക്ക് പ്രാണരക്ഷാർത്ഥം പാലായനം ചെയ്യുകയായിരുന്നു. ഈ പ്രദേശത്തെ പൊലീസ് ആസ്ഥാനം ഉൾപ്പെടെ നഗരത്തിലെ പ്രധാന സർക്കാർ കെട്ടിടങ്ങൾ താലിബാൻ നേരത്തെ പിടിച്ചെടുത്തിരുന്നു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ നിയന്ത്രണം ശക്തപ്പെടുന്നത് ചൈനയെ ആശങ്കാകുലരാക്കുന്നുണ്ട്. ചൈനയിലെ ന്യൂനപക്ഷ ഉയ്ഘർ വിഘടനവാദ സംഘടനയായ ഈസ്റ്റ് തുർക്കെസ്താൻ ഇസ്ലാമിക് മൂവ്‌മെന്റിനെ (ഇ ടി ഐ എം) ശക്തമാക്കുമെന്നാണ് ചൈന ഭയപ്പെടുന്നത്. ഇതിനൊപ്പം അഫ്ഗാനിസ്ഥാനിൽ താലിബാൻ ശക്തമായാൽ പാക് താലിബാനും ശക്തി പ്രാപിക്കും. ഇത് പാകിസ്ഥാനിൽ പുരോഗമിക്കുന്ന ചൈനയുടെ നിർണായക പദ്ധതികൾ അവതാളത്തിലാക്കിയേക്കാം. ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി)യുടെ നിർമ്മാണത്തെ പിന്നോട്ട് വലിക്കാനും കാരണമായേക്കും. ഈ പദ്ധതി കടന്നുപോകുന്ന പ്രദേശത്തിന്റെ രാഷ്ട്രീയ അസ്ഥിരതയും സുരക്ഷയും കണക്കിലെടുത്ത് സിപിഇസിയുടെ ഉന്നത ഉദ്യോഗസ്ഥർ പാകിസ്ഥാനിലെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാൻ പോലും ശ്രമിക്കുകയാണെന്ന് മാദ്ധ്യമ റിപ്പോർട്ടുകളുണ്ട്.
ഉയ്ഘർ മുസ്ലീങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ ഇസ്ലാമിക് സ്റ്റേറ്റ് അടക്കം ചൈനയ്‌ക്കെതിരെ മുന്നറിയിപ്പ് നൽകുന്ന വീഡിയോകൾ ഇറക്കിയിട്ടുണ്ട്. 15 ദശലക്ഷത്തിലധികം ഉയ്ഘർ മുസ്ലീങ്ങളെ ചൈന തടവിലാക്കി പീഡിപ്പിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുള്ളത്.
അതേസമയം യു എസ് സേനയെ അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവലിക്കുന്നത് താലിബാന് വീണ്ടും ഒരു അവസരം നൽകും എന്ന പ്രചരണത്തെ പ്രസിഡന്റ് ജോ ബൈഡൻ തള്ളിയിരുന്നു. താലിബാൻ രാജ്യം മുഴുവൻ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അഫ്ഗാൻ സൈന്യത്തെ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വരുന്ന സെപ്തംബർ 11 പൂർണമായും അഫ്ഗാനിസ്ഥാനിൽ നിന്നും പിന്മാറാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. അടുത്തിടെ അഫ്ഗാനിസ്ഥാനിൽ അമേരിക്ക ഉപയോഗിച്ചിരുന്ന ബഗ്രാം എയർബേസ് ഉപേക്ഷിച്ചത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.