manju

മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌ക്ക നിർമ്മിച്ച ഹ്രസ്വചിത്രത്തിലെ മഞ്ജുവാര്യരുടെ സന്ദേശം തരംഗമാകുന്നു.

സ്‌ത്രീധന സമ്പ്രദായത്തിനും ഗാർഹിക പീഡനങ്ങൾക്കുമെതിരായി ഫെഫ്‌ക്കയും ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്സും ചേർന്നാണ് ഹ്രസ്വചിത്രം നിർമ്മിച്ചത്. ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജിന്റെ ഫേസ്‌ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഹ്രസ്വചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.

പൊതുസമൂഹത്തിന് മികച്ച സന്ദേശമാണ് ഈ വീഡിയോ നൽകുന്നതെന്ന കുറിപ്പോടെ ഫെഫ്‌ക്കയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് വീണാജോർജ് ഹ്രസ്വചിത്രം പങ്കുവച്ചിരിക്കുന്നത്.

ശ്രീകാന്ത് മുരളി, എസ്‌തർ എന്നിവരാണ് രണ്ട് മിനിട്ടിൽ താഴെ മാത്രം ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിലഭിനയിച്ചിരിക്കുന്നത്.

ഗാർഹിക പീഡനത്തിനൊരുങ്ങുന്ന പുരുഷനെ ഫോണിൽ വിളിച്ച് അയൽവാസിയായ എസ്‌തറിന്റെ കഥാപാത്രം ''ചേട്ടാ... നിറുത്തിക്കോ പണികിട്ടും" എന്ന് പറയുന്നതാണ് ഹ്രസ്വചിത്രത്തിന്റെ പഞ്ച്.

ഈ പഞ്ച് ഡയലോഗിന് പിന്നാലെയാണ് മഞ്ജുവാര്യരുടെ വരവ്.

''ഉറപ്പാണ് ... പണി കിട്ടും. ഇത് പഴയ കേരളമല്ല. ഇവിടെ ഒരു സ്‌ത്രീയും ഒറ്റയ്ക്കല്ല. സ്‌ത്രീകൾക്കെതിരായുള്ള ആക്രമണങ്ങളും സ്‌ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണ്. അനീതി നേരിടുന്ന ഓരോ പെൺകുട്ടിയും ഓർക്കുക നിങ്ങൾ ഒറ്റയ്ക്കല്ല. ഒരു സമൂഹം കൂടെയുണ്ട്" എന്ന മഞ്ജുവാര്യരുടെ വാക്കുകൾ

ഗാർഹിക പീഡനത്തിനിരയാകുന്ന ഇരയായേക്കാവുന്ന സ്‌ത്രീ സമൂഹത്തിന് സമ്മാനിക്കുന്ന ആവേശവും ആത്മവിശ്വാസവും അളവറ്റതാണ്.

ആരോഗ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പേജിനൊപ്പം ഫെഫ്‌ക്ക ഡയറക്ടേഴ്സ് യൂണിയന്റെ യൂ ട്യൂബ് ചാനലിലും ഈ ഹ്രസ്വചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

നിഖിലാ വിമൽ പ്രധാന വേഷമവതരിപ്പിക്കുന്ന മറ്റൊരു ഹ്രസ്വചിത്രം കൂടി ഫെഫ്‌ക്ക ഇന്നലെ റിലീസ് ചെയ്തിട്ടുണ്ട്. പുതിയ ഹ്രസ്വചിത്രത്തിന്റെയും ഒടുക്കം മഞ്ജുവാര്യരുടെ സന്ദേശമുണ്ട്.

കൊറോണ വൈറസിനെതിരെ ഫെഫ്‌ക്ക കഴിഞ്ഞ വർഷമൊരുക്കിയ ബോധവത്കരണ വീഡിയോകളിൽ മഞ്ജുവാര്യർ ഉൾപ്പെടെ ഒട്ടേറെ താരങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു.