covid

ന്യൂഡൽഹി: കൊവിഡിന്റെ പുതിയ വകഭേദമായ കാപ്പ വൈറസിന്റ കണികകൾ ഉത്തർപ്രദേശിലെ രണ്ട് പേരിൽ കണ്ടെത്തിയതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു. അതിതീവ്ര വ്യാപന ശേഷിയുള്ള കാപ്പ വൈറസ് വളരെ വേഗം പടർന്നുപിടിക്കാൻ ശേഷിയുള്ളവയാണ്. ലക്നൗവിലെ കിംഗ് ജോർജ് ആശുപത്രിയിൽ ചികിത്സയിലുള്ളവരിലാണ് കാപ്പ വൈറസ് കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 107 പേരിൽ ഡെൽറ്റാ പ്ളസ് വേരിയന്റും കണ്ടെത്തിയത് ആശങ്കയുളവാക്കുന്നുണ്ട്.

പകർച്ചവ്യാധിയുടെ വ്യാപനം കണ്ടെത്താൻ സഹായിക്കുന്ന ജെനോം സീക്ക്വൻസിംഗ് സൗകര്യം സംസ്ഥാനത്ത് വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യവകുപ്പിന്റെ പത്രകുറിപ്പിൽ പറഞ്ഞു. കാപ്പ വകഭേദം ഇതിനുമുമ്പും സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ടെന്നും വേണ്ട ചികിത്സ ലഭ്യമാണെന്നും അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു. എന്നാൽ സംസ്ഥാനത്തിന്റെ എത് പ്രദേശത്ത് നിന്നുമാണ് കാപ്പ വൈറസ് കണ്ടെത്തിയതെന്നുള്ള ചോദ്യത്തിന് മറുപടി പറയാൻ അധികൃതർ തയ്യാറായില്ല. നിലവിൽ സംസ്ഥാനത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി പി ആർ) 0.04 ശതമാനം ആണ്.