tea

കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് മെല്ലെ കരകയറി ഇന്ത്യയുടെ തേയില ഉത്‌പാദനം. 2021 ജനുവരി-മേയ് കാലയളവിൽ ഉത്‌പാദനം 2020ലെ സമാനകാലത്തേക്കാൾ 30.81 ശതമാനം വർദ്ധിച്ചുവെന്ന് ടീ ബോർഡ് വ്യക്തമാക്കി. മേയിൽ മാത്രം ഉത്‌പാദനം 4.98 മില്യൺ കിലോഗ്രാം (5.15 ശതമാനം) ഉയർന്ന് 101.73 മില്യൺ കിലോഗ്രാമിലെത്തി. 2020 മേയിൽ 96.75 മില്യൺ കിലോഗ്രാമായിരുന്നു ഉത്പാദനം.

ഇക്കുറി ജനുവരി-മേയിൽ 210.23 മില്യൺ കിലോഗ്രാമിൽ നിന്ന് 275.01 മില്യൺ കിലോഗ്രാമായാണ് ഉത്‌പാദനം മെച്ചപ്പെട്ടത്. ഉത്തരേന്ത്യൻ ഉത്‌പാദനം 33.15 ശതമാനം ഉയർന്ന് 177.86 മില്യൺ കിലോഗ്രാമായി. 26.74 ശതമാനം കുതിപ്പോടെ 97.15 മില്യൺ കിലോഗ്രാമാണ് ദക്ഷിണേന്ത്യയുടെ പങ്ക്.

മുന്നിൽ അസം, ഉണർവോടെ കേരളം

തേയില ഉത്‌പാദനത്തിൽ മുന്നിൽ അസമാണ്. കേരളവും മികച്ച പങ്കുവഹിക്കുന്നു. 2021 ജനുവരി-മേയിലെ കണക്കുകൾ ഇങ്ങനെ: (ഉത്‌പാദനം മില്യൺ കിലോഗ്രാമിൽ)

സംസ്ഥാനം ഉത്പാദനം വളർച്ച

അസം 88.47 32.48%

ബംഗാൾ 83.88 33.38%

തമിഴ്‌നാട് 68.45 33.69%

കേരളം 26.22 11.86%

ആശങ്കയായി വിലത്തകർച്ച

ഉത്‌പാദനം കൂടിയെങ്കിലും വിലയിടിവ് തുടരുന്നത് കർഷകർക്ക് തിരിച്ചടിയാണ്. കൊച്ചിയിലെ തേയില ലേലത്തിൽ രണ്ടുമാസത്തെ താഴ്‌ചയിലായിരുന്നു വില്പന. വിലത്തകർച്ച തടയാൻ സപ്ളൈകോ വഴിയുള്ള തേയില ഏറ്റെടുക്കൽ ഉയർത്തണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഒഫ് പ്ളാന്റേഴ്‌സ് ഒഫ് കേരള (എ.പി.എ) സംസ്ഥാന സർക്കാരിനെ സമീപിച്ചിട്ടുണ്ട്.