കോഴിക്കോട്: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് അതിജീവനത്തിലൂടെയുള്ള തിരിച്ചുകയറ്റം എളുപ്പമാക്കാൻ സർക്കാരിനൊപ്പം സ്വകാര്യ വ്യക്തികളും സംരംഭങ്ങളും സന്നദ്ധപ്രവർത്തകരുമെല്ലാം കൈകോർക്കണമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. കൊവിഡിൽ ഒന്നരവർഷത്തിലധികമായി സാമൂഹികം, സാമ്പത്തികം, ആരോഗ്യം എന്നിങ്ങനെ സമസ്‌ത മേഖലകളിലും നാം നിസഹായരായി. ഉറ്റവരെ നഷ്‌ടമായ ആയിരങ്ങൾക്കൊപ്പം തൊഴിലും കച്ചവടവും വരുമാനവും നഷ്‌ടപ്പെട്ട അനേകം കുടുംബങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്.
മൂന്നാംതരംഗം ദുരന്തം വിതയ്ക്കുമോ എന്ന ആശങ്കയ്ക്കിടയിലും സാധാരണ ജീവിതത്തിലേക്ക് നമുക്ക് മടങ്ങേണ്ടതുണ്ട്. സർക്കാരുകൾ മാത്രം വിചാരിച്ചാൽ ഇത് എളുപ്പമാകില്ല. ''കൊവിഡിനെതിരെ സർക്കാരുകൾ നടത്തുന്ന പ്രവർത്തനങ്ങളെ പിന്തുണച്ച് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി വിവിധ പദ്ധതികൾ നടപ്പാക്കുന്ന ഒരു ബിസിനസ് ഗ്രൂപ്പിന്റെ ചെയർമാൻ എന്ന നിലയിൽ കൊവിഡിനെ അതിജീവിക്കാൻ സർക്കാരും സ്വകാര്യമേഖലയും കൂട്ടുചേർന്നുള്ള ക്രിയാത്മക നടപടികൾ വേണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്""- എം.പി. അഹമ്മദ് പറഞ്ഞു.
വാക്‌സിനേഷൻ ഉഷാറാക്കാം
ആദ്യം വേണ്ടത് വാക്‌സിനേഷൻ പ്രക്രിയ പൂർത്തിയാക്കുകയാണ്. ഇപ്പോഴത്തെ അവസ്ഥയിൽ മുഴുവൻ ആളുകൾക്കും വാക്‌സിനേഷന് കാലതാമസമെടുക്കും. ഇതിനിടെ മൂന്നാംതരംഗവും തള്ളിക്കളയാനാകില്ല. സർക്കാരിനൊപ്പം സ്വകാര്യസംരംഭകരും വ്യവസായികളും കൈകോർത്താൽ വാക്‌സിനേഷൻ അതിവേഗം പൂർത്തിയാക്കാം.
വാക്‌സിൻ പണംകൊടുത്ത് വാങ്ങി, അർഹതപ്പെട്ടവർക്ക് സ്വകാര്യ ആശുപത്രികളിലൂടെ നൽകാൻ കഴിവുള്ള വ്യവസായ സംരംഭകരുണ്ട്. ഇവരുടെ സേവനം സർക്കാർ പ്രയോജനപ്പെടുത്തണം. കച്ചവടസ്ഥാപനങ്ങളും വ്യവസായ സംരംഭകരും ജീവനക്കാർക്ക് വാക്‌സിൻ ലഭ്യമാക്കിയാൽ, വലിയൊരു വിഭാഗംപേർ വാക്‌സിൻ കിട്ടാനുള്ളവരുടെ പട്ടികയിൽ നിന്ന് ഒഴിവാകും.
സാമ്പത്തിക സുരക്ഷിതത്വം
നഷ്‌ടപ്പെട്ട തൊഴിലും കച്ചവടവുമെല്ലാം പൂർവസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. ഇതിലൂടെ കൂടുതൽ തൊഴിലവസരങ്ങളും സൃഷ്‌ടിക്കപ്പെടും. ഇതിന്, സർക്കാരിന്റെ കൈത്താങ്ങ് വേണം. നികുതികളിൽ കുറച്ചുകാലത്തേക്ക് ഇളവ് നൽകണം. വായ്‌പാ തിരിച്ചടവ് കാലാവധി ദീർഘിപ്പിക്കണം. പുനരുദ്ധാരണ വായ്‌പകൾ നൽകണം. മറ്റ് സാമ്പത്തിക സഹായവും ലഭ്യമാക്കിയാൽ വ്യാപാര-വ്യവസായ മേഖല അതിവേഗം കരകയറും. അതിലൂടെ ലക്ഷക്കണക്കിന് പേർ തൊഴിലിലേക്ക് മടങ്ങിയെത്തും. സർക്കാരിന്റെ നികുതി വരുമാനവും മെച്ചപ്പെടും. നികുതിവെട്ടിപ്പ് തടയാൻ ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിക്കുകയും കച്ചവടക്കാരെയും ഉപഭോക്താക്കളെയും ബോധവത്കരിക്കുകയും വേണം.
പ്രവർത്തനസമയം കൂട്ടണം
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള വ്യാപാരസ്ഥാപനങ്ങളുടെ നിലവിലെ പ്രവർത്തന സമയപരിധി ഒരർത്ഥത്തിൽ കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്നുണ്ട്. ആഴ്‌ചയിൽ മൂന്നു ദിവസമാണ് പ്രവർത്തനം. ഇത് തിരക്ക് കൂട്ടുകയും സാമൂഹിക അകലം പാലിക്കാനാവാത്ത സ്ഥിതി സൃഷ്‌ടിക്കുകയും ചെയ്യുന്നു. പ്രവർത്തന സമയം എല്ലാദിവസവും രാവിലെ ഏഴു മുതൽ വൈകിട്ട് 9.30 വരെയാക്കണം.
കാർഷിക മേഖല
കൊവിഡിൽ അല്പമെങ്കിലും പിടിച്ചുനിന്നത് കാർഷിക-ഭക്ഷ്യമേഖലയാണ്. കൊവിഡിനിടയിലും നമ്മെ അന്നമൂട്ടിയ കാർഷിക മേഖലയെ പുനരുദ്ധരിക്കാൻ നടപടി വേണം.
പ്രവാസികളുടെ തൊഴിൽ
സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസികൾ. കൊവിഡിൽ തൊഴിലും വരുമാനവും നഷ്‌ടപ്പെട്ട് തിരിച്ചെത്തിയത് ലക്ഷക്കണക്കിന് പ്രവാസികളാണ്. അവധിക്ക് നാട്ടിലെത്തിയവർക്ക് തിരിച്ചുപോകാനും പ്രയാസമുണ്ട്. തിരിച്ചെത്തിയവർക്ക് തൊഴിലും സംരംഭങ്ങളും ആരംഭിക്കാൻ സഹായം ലഭ്യമാക്കണം. വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിമാനസർവീസുകൾ ഉടൻ പുനരാരംഭിക്കാനും നടപടിവേണം.
ടൂറിസത്തിന് ഉണർവേകണം
കൊവിഡിൽ ഏറ്റവുമധികം പ്രതിസന്ധിയിലായ ഒരു മേഖലയാണ് ടൂറിസം. ടൂറിസത്തിന്റെ പുനരുദ്ധാരണത്തിന് സർക്കാരിന്റെ അടിയന്തര ശ്രദ്ധ വേണം. ലക്ഷക്കണക്കിനുപേർ ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നുണ്ട്. സർക്കാരിന് വൻ വരുമാനവും ലഭ്യമാക്കുന്ന മേഖലയാണിതെന്ന കാര്യവും ഓർക്കണം.