sarayu-river

അയോദ്ധ്യ: അയോദ്ധ്യയിലെ സരയു നദിയിൽ കുളിക്കാനിറങ്ങിയ 15 അംഗ കുടുംബത്തിലെ ആറുപേർ മുങ്ങിമരിച്ചു. മൂന്നുപേരെ കാണാതായി. ആറുപേരെ പ്രദേശവാസികളും രക്ഷാപ്രവർത്തകരും ചേർന്ന് രക്ഷിച്ചു.

നിരവധി ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന ഗുപ്തർഘട്ടിലെ കച്ച് ഘട്ടിലാണ് അപകടം. ആഗ്രയിൽ നിന്ന് അയോദ്ധ്യ സന്ദർശിക്കാനെത്തിയ കുടുംബമാണ്​ ഗുപ്തർ ഘട്ടിൽ കുളിക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ടത്​. കുടുംബാംഗങ്ങൾ ഒരുമിച്ച്​ നദിയിൽ ഇറങ്ങിയപ്പോൾ ചിലർ ഒഴുക്കിൽപ്പെടുകയായിരുന്നു. അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ്​ മറ്റുള്ളവരും അപകടത്തിൽപ്പെട്ടത്​. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അയോദ്ധ്യ ജില്ലാ മജിസ്‌ട്രേറ്റ് അനുജ് കുമാർ ഝാ പറഞ്ഞു.

കാണാതായവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു. പൊലീസും മുങ്ങൽ വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്​.