us-army-in-afghan

വാഷിംഗ്ടൺ: ഒരു തലമുറ അമേരിക്കക്കാരെ കൂടി അഫ്​ഗാൻ ​മണ്ണിൽ പോരാട്ടത്തിനും മരണത്തിനും​ അയക്കില്ലെന്നും ആഗസ്റ്റ് 31നകം നിലവിലെ സൈനികരെ പൂർണമായി പിൻവലിക്കുമെന്ന് വ്യക്തമാക്കി​ അമേരിക്കൻ​ പ്രസിഡന്റ് ജോ ബൈഡൻ. രാജ്യ​ത്ത്​ സൈനിക ദൗത്യം ഇതോടെ അവസാനിക്കുമെന്നും സെപ്തംബ‌ർ ​11 വരെ കാത്തുനിൽക്കില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. സൈനിക പിന്മാറ്റം 90 ശതമാനവും ഇതിനകം പൂർത്തിയായിട്ടുണ്ട്​. 2001ലെ ലോക വ്യാപാര കേന്ദ്ര ആക്രമണത്തിന്റെ 20ാം വാർഷിക ദിനത്തോടെ മടങ്ങുമെന്നായിരുന്നു നേരത്തെ പ്രഖ്യാപനം.

അതിവേഗം മടങ്ങുന്നതാണ്​ സൈനിക സുരക്ഷക്ക്​ നല്ലതെന്നും മടക്കം ആരംഭിച്ച ശേഷം ഇതുവരെ അമേരിക്കയ്ക്ക് സൈനികരുടെ ജീവൻ നഷ്​ടമായിട്ടില്ലെന്നും ബൈഡൻ പറഞ്ഞു. കഴിഞ്ഞ ആഴ്ച അർദ്ധ രാത്രിയിലായിരുന്നു കാബൂളിന്​ വടക്കുള്ള വലിയ താവളമായ ബഗ്​രാമിൽ നിന്ന്​ അമേരിക്ക സൈനിക പിന്മാറ്റം പൂർത്തിയാക്കിയത്​. അവിടെ കാവലുണ്ടായിരുന്ന അഫ്​ഗാൻ സൈനികരെ പോലും അറിയിക്കാതെയായിരുന്നു സമ്പൂർണ മടക്കം.

'വിജയിച്ച ദൗത്യമല്ല' അഫ്​ഗാനിലേതെന്ന്​ വൈറ്റ്​ഹൗസ്​ പ്രസ്​ സെക്രട്ടറി ജെൻ സാകി പറഞ്ഞു. 20 വർഷം യുദ്ധം നടത്തിയിട്ടും സൈനികമായി വിജയം കാണാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.