പോർട്ടോ പ്രിൻസ്: ഹെയ്തി പ്രസിഡന്റ് വൊവനൈൽ മോയ്സിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായവരിൽ രണ്ട് അമേരിക്കക്കാരും. ജെയിംസ് സൊലാഗെസ്, ജോസഫ് വിൻസെന്റ് എന്നീ അമേരിക്കക്കാർക്ക് ആക്രമണത്തിൽ പങ്കുണ്ടെന്നാണ് വിവരം. പ്രതിചേർത്ത മറ്റ് 26 പേർ കൊളംബിയക്കാരാണ്. 17 പേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു
പ്രതികളിൽ ആറു പേർ നേരത്തെ കൊളംബിയൻ സേനയിൽ പ്രവർത്തിച്ചവരാണെന്ന് അതേ രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് റിട്ട. കൊളംബിയൻ സൈനികരെ വെടിവച്ച് കൊന്നിരുന്നു.
കടുത്ത ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന രാജ്യത്ത് ആഴ്ചകൾക്കിടെ സംഘർഷങ്ങളിൽ നിരവധി പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതിന്റെ തുടർച്ചയായാണ് മോയ്സിന്റെ കൊലപാതകം. വധത്തോടെ രാജ്യത്ത് ഭരണമില്ലാത്ത സാഹചര്യമുണ്ട്. പാർലമെന്റ് ഒരു വർഷമായി അപ്രഖ്യാപിത അവധിയിലാണ്. പ്രധാനമന്ത്രിപദം അവകാശപ്പെട്ട് രണ്ടു പേർ രംഗത്തുള്ളത് സ്ഥിതി ഗുരുതരമാക്കി.
പ്രസിഡന്റ് വധിക്കപ്പെടുന്ന സാഹചര്യത്തിൽ താത്കാലികമായി ചുമതല ലഭിക്കേണ്ടത് സുപ്രീം കോടതി പ്രസിഡന്‍റിനാണെങ്കിലും അദ്ദേഹം അടുത്തിടെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. മരണത്തിന് പിന്നാലെ രാജ്യത്ത് പട്ടാള ഭരണം പ്രഖ്യാപിച്ച് അതിർത്തികൾ അടച്ചിട്ടുണ്ട്.