കോഴിക്കോട്: മഹാരാഷ്ട്ര അഡിഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കെ.നളിനാക്ഷൻ (79) മുംബെെയിൽ നിര്യാതനായി.
കോഴിക്കോട്ടു നിന്നുള്ള രണ്ടാമത്തെ ഐ.എ.എസുകാരനാണ് ആറാം ഗേറ്റിനു സമീപത്തെ കൊളങ്ങരടത്ത് കുടുംബാംഗമായ ഇദ്ദേഹം. 1967-ൽ മഹാരാഷ്ട്ര കേഡറിലാണ് സർവീസിൽ പ്രവേശിച്ചത്. മുംബെെയിലെ ആദ്യത്തെ മലയാളി മുനിസിപ്പൽ കോർപ്പറേഷൻ കമ്മിഷണറാണ്. അകൊല, നന്ദേഡ് ജില്ലകളിൽ കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2002 ലാണ് സർവീസിൽ നിന്ന് വിരമിച്ചത്. 13 വർഷം മഹാരാഷ്ട്ര ഐ.എ.എസ് അസോസിയേഷൻ പ്രസിഡന്റായിരുന്നു.
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് സ്‌കൂളിൽ നിന്ന് റാങ്കോടെ സ്കൂൾ വിദ്യാഭ്യാസം. ക്രിസ്ത്യൻ കോളേജ്, ഗുരുവായൂരപ്പൻ കോളേജ് എന്നിവിടങ്ങളിലായി ഉന്നതവിദ്യാഭ്യാസം. കുറച്ചു കാലം ഗുരുവായൂരപ്പൻ കോളേജിൽ ലക്ചററായിരുന്നു.
ഐ.എ.എസ് ലഭിക്കുന്നതിനു മുമ്പ് ഐ.പി.എസ് നേടി കേരളത്തിൽ എ.എസ്.പി യായി പ്രവർത്തിച്ചിട്ടുണ്ട്.
പരേതനായ ഡോ.പി.പി. പത്മനാഭന്റെ മകൾ ഐറയാണ് ഭാര്യ. മക്കൾ: സമീർ (എൻജിനിയർ, പൂനെ), ഡോ.ശ്രീജിത്ത് (മുംബൈ), ശൈലേഷ് (ബാങ്കിംഗ് സർവീസ്, ഹോങ്കോംഗ്).
സംസ്‌കാരം മുംബൈയിൽ നടക്കും.