olympics

തിരുവനന്തപുരം: ജൂലായ് 23മുതൽ ജപ്പാനിലെ ടോക്കിയോയിൽ നടക്കുന്ന ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച വിവിധ പ്രചാരണ പരിപാടികളുമായി കേരള ഒളിമ്പിക് അസോസിയേഷനും സായ് എൽ.എൻ.സി.പി.ഇയും. ഇന്ത്യയ്ക്കായി ഒമ്പത് താരങ്ങളാണ് കേരളത്തിൽ നിന്ന് പങ്കെടുക്കുന്നത്. ഒളിമ്പിക്‌സ് അവസാനിക്കുന്നതുവരെ നിരവധി പരിപാടികൾ ആവിഷ്‌കരിച്ചതായി കേരളാ ഒളിമ്പിക്‌സ് അസോസിയേൻ പ്രസിഡന്റ് വി.സുനിൽ കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മലയാളി താരങ്ങളുടെ ഫോട്ടോയ്ക്കൊപ്പം ദീപം തെളിയിച്ച്‌ കായിക താരങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കും. 22ന്‌ വൈകിട്ട്‌ ഏഴിനാണ്‌ സംസ്ഥാനത്തുടനീളം പരിപാടി സംഘടിപ്പിക്കുക.

സ്‌കൂൾ വിദ്യാർഥികൾക്കും കോളേജ്‌ വിദ്യാർഥികൾക്കുമായി പ്രത്യേക മത്സരങ്ങളുമുണ്ട്‌. ഒളിമ്പിക്‌സിന്റെ പ്രചരണത്തിനായി ഫേസ്‌ബുക്ക്‌,ഇൻസ്റ്റാഗ്രാം, യുട്യൂബ്‌ എന്നിവയിലൂടെ വീഡിയോയും പോസ്റ്ററും തയ്യാറാക്കാം. പോസ്റ്റുകളിൽ കേരള ഒളിമ്പിക്‌സ്‌ അസോസിയേഷനേയും ടാഗ്‌ ചെയ്യണം. വൻ സ്വീകാര്യത ലഭിക്കുന്ന (ലൈക്ക്)​ പോസ്റ്റിന്‌ സമ്മാനവുമുണ്ടാകും. ഒളിമ്പിക്സ് അവസാനിക്കുന്ന ആഗസ്റ്റ് എട്ടിന് രാത്രി 12 വരെ പോസ്റ്റുകളിടാം.സ്വീകാര്യതയുടെ തെളിവ്‌ സഹിതം 12ന്‌ മുമ്പ്‌ അസോസിയേഷന്റെ ഓഫീസിലോ ഇമെയിൽ ഐഡിയിലോ(keralasoa1@gmail.com) ലഭ്യമാക്കണം.

വാർത്താസമ്മേളനത്തിൽ എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ. ജി. കിഷോർ,​ ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.