afghanistan

മോസ്‌കോ: അഫ്ഗാനിസ്ഥാന്റെ 85 ശതമാനം പ്രദേശവും തങ്ങളുടെ നിയന്ത്രണത്തിലായെന്ന് ഭീകര സംഘടനയായ താലിബാൻ. ഏറ്റുമുട്ടലുകളിലൂടെ പുതിയ പ്രദേശങ്ങൾ പിടിച്ചെടുക്കുകയും അമേരിക്കൻ സേന പിന്‍മാറുകയും ചെയ്തതോടെയാണ് ഈ മേഖലകൾ നിയന്ത്രണത്തിലായതെന്ന് താലിബാൻ വ്യക്തമാക്കി. ഭീകരസംഘടനയുടെ ഒരു നേതാവ് മോസ്‌കോയിൽ വച്ച് വെളിപ്പെടുത്തിയാണിതെന്നാണ് വിവരം.

അഫ്ഗാന്റെ 421ൽ അധികം ജില്ലകളും താലിബാന്റെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.അഫ്ഗാൻ സര്‍ക്കാരും പ്രതികരിച്ചിട്ടില്ല.

അമേരിക്കയ്ക്ക് പിന്നാലെ അഫ്ഗാനിസ്ഥാനിൽ നിന്ന് ഉന്നതോദ്യോഗസ്ഥരെയും മറ്റു പൗരന്മാരെയും ഒഴിപ്പിക്കുമെന്ന് ഇന്ത്യയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ ആസൂത്രണം ചെയ്തതായും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അഫ്ഗാനിസ്ഥാനിലെ കാബൂൾ, കാണ്ഡഹാർ, മസർ ഇ ഷരീഫ് എന്നിവിടങ്ങളിലുളള ഇന്ത്യൻ ഉദ്യോഗസ്ഥരെയാണ് ഒഴിപ്പിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ എംബസികൾക്കും കോൺസുലേറ്റുകൾക്കും അവിടെ പ്രവർത്തിക്കാനാകാത്ത സാഹചര്യമാണെന്നും കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.