തൃശൂർ: അന്താരാഷ്ട്ര വിപണിയിൽ 30 കോടിവരെ വിലയുളള തിമിംഗല ഛർദിയുമായി (ആംബര്‍ഗ്രിസ്) മൂന്നു പേരെ ഫോറസ്റ്റ് ഫ്ലൈയിംഗ് സ്ക്വാഡ് പിടികൂടി. വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്. ഇവരെ തൃശൂർ ചേറ്റുവയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
പിടിച്ചെടുത്ത തിമിംഗല ഛർദിക്ക് 18 കിലോ ഭാരമുണ്ട്. അറേബ്യൻ സുഗന്ധലേപന വിപണിയിലും മറ്റും വന്‍ വിലയുള്ള ആംബര്‍ഗ്രിസ് കേരളത്തിൽ ആദ്യമായാണ് പിടികൂടുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഈ വസ്തു കൈവശം വെക്കുന്നത് ശിക്ഷാർഹമാണ്. തൃശൂരിലെ സംഘത്തിന് ഇതെവിടെ നിന്നു കിട്ടിയെന്നതിനെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നൊക്കെയാണ് സ്പേം തിമിംഗലങ്ങളുടെ ഛർദി അഥവാ ആംബർഗ്രിസ് അറിയപ്പെടുന്നത്. സ്പേം തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. തിമിംഗലങ്ങൾ ഇടയ്ക്ക് ഛർദിച്ചുകളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും. ഛർദിക്കുമ്പോൾ ആദ്യം ദ്രവമായി കാണപ്പെടുന്ന ഇവ പിന്നീടാണ് ഖരരൂപത്തിലെത്തുന്നത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനാണ് ആംബർഗ്രിസ് ഉപയോഗിക്കുന്നത്.