തിരുവനന്തപുരം: വ്യാവസായിക വളർച്ചയേക്കാൾ തന്റെ രാഷ്ട്രീയ വളർച്ചയാണ് കിറ്റെക്സ് മുതലാളി സാബു എം. ജേക്കബിന്റെ പ്രശ്നമെന്ന് സാമൂഹിക നിരീക്ഷകനും ബ്ലോഗറുമായ ബഷീർ വളളിക്കുന്ന്. കുറച്ച് കാലമായി സാബു ഇടത് വലത് മുന്നണികൾക്കെതിരെ സമർത്ഥമായി ഒരു മൂന്നാം മുന്നണിക്ക് വേണ്ട കളമൊരുക്കുന്നതിന്റെ രാഷ്ട്രീയം കളിക്കുന്നുണ്ട്. സംഘപരിവാരം വളരെ ആഴത്തിൽ വേര് പിടിക്കുന്ന ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയിൽ അതിനൊപ്പിച്ച ചില ചുവടുകൾ സമർത്ഥമായി ചവിട്ടുകയാണ് അയാൾ. ആ പരിവാര രാഷ്ട്രീയത്തിന് ഒട്ടും കീഴടങ്ങാതെ നിൽക്കുന്ന കേരളമെന്ന ഈ തുരുത്തിനെ ദേശീയ രാഷ്ട്രീയത്തിലും വ്യാവസായിക മണ്ഡലത്തിലും പരമാവധി ഇടിച്ചു താഴ്ത്തി അതിന്റെ മൈലേജ് കിട്ടുമോ എന്ന് നോക്കുകയാണ് സാബു എന്നും അദ്ദേഹം ഫേസ്ബുക്കിൽ ആരോപിച്ചു.
കേരളവും കേരള സർക്കാരും അദ്ദേഹത്തോട് പരമാവധി അനുകൂല സമീപനമാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വീകരിച്ച് കണ്ടത്. ദേശീയ വ്യാവസായിക മണ്ഡലത്തിൽ കേരളത്തിന്റെ പോസിറ്റീവ് ഇമേജിന് കോട്ടം തട്ടരുത് എന്ന് കരുതിയുള്ള പരമാവധി വിട്ടുവീഴ്ചകളുടെ ഒരു അന്തരീക്ഷം ഉണ്ടായി വരുമ്പോഴും അതിനെയെല്ലാം പുച്ഛത്തോടെ കണ്ട് ഒരു സംസ്ഥാനത്തിന്റെ സർക്കാറും ജനങ്ങളും തന്റെ കാൽക്കീഴിൽ വീണ് കിടക്കണം എന്ന ഒരുതരം ധിക്കാരമനോഭാവമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ സാബു പ്രകടിപ്പിച്ചു കണ്ടു വരുന്നത്. കേരളത്തിൽ വ്യാവസായിക രംഗത്ത് മാറ്റങ്ങൾ വരണം, കൂടുതൽ വ്യവസായ സൗഹൃദ നയങ്ങൾ ഉണ്ടാകണം, നിക്ഷേപങ്ങൾ ആകർഷിക്കപ്പെടണം... എല്ലാം ശരി തന്നെ. പക്ഷേ ചാണക രാഷ്ട്രീയം കളിക്കുന്ന ഇതുപോലൊരുത്തന്റെ വെല്ലുവിളികൾക്ക് മുന്നിൽ കീഴടങ്ങിക്കൊണ്ടാകരുത് അത് എന്ന് മാത്രമേ പറയാനുള്ളൂ എന്നും ബഷീർ ഫേസ്ബുക്കിൽ കുറിച്ചു.
ബഷീർ വളളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കിറ്റെക്‌സ് മുതലാളിയുടെ ഡ്രാമ വല്ലാതെ ഓവറാകുന്നുണ്ട്.
"ആട്ടും തുപ്പും ചവിട്ടും തൊഴിയും സഹിച്ച് എത്ര കാലം കേരളത്തിൽ നിൽക്കാൻ പറ്റും" എന്നാണ് തെലുങ്കാനയിലേക്ക് പോകുമ്പോൾ വിമാനത്താവളത്തിൽ വെച്ച് അയാൾ ചോദിക്കുന്നത്. കിറ്റെക്സ് പിച്ച വെച്ചതും വളർന്നതും കേരളത്തിന്റെ മണ്ണിൽ നിന്നാണ്. ഒന്നുമില്ലായ്‌മയിൽ നിന്ന് ശതകോടികളുടെ വ്യവസായിയായി സാബുവിനെയും അദ്ദേഹത്തിന്റെ പിതാവിനേയും വളർത്തിയത് കേരളമാണ്.. ഇവിടത്തെ തൊഴിലാളികളും മാറിമാറി വന്ന സർക്കാറുകളും കിറ്റെക്സ് ഉത്പന്നങ്ങൾക്ക് വിപണി നൽകിയ ഇവിടത്തെ ജനങ്ങളും തന്നെയാണ് ആ വ്യവസായത്തിന്റെ ഏറ്റവും വലിയ മൂലധനം. ആ അടിത്തറയിൽ നിന്നാണ് സാബു വളർന്നത്. അയാൾ തല മറന്നാണ് ഇപ്പോൾ എണ്ണ തേക്കുന്നത്...
കുറച്ച് കാലമായി സാബു ഒരു പ്രത്യേക രാഷ്ട്രീയം കളിക്കുന്നുണ്ട്, ഇടത് വലത് മുന്നണികൾക്കെതിരെ സമർത്ഥമായി ഒരു മൂന്നാം മുന്നണിക്ക് വേണ്ട കളമൊരുക്കുന്നതിന്റെ രാഷ്ട്രീയം. അതിന്റെ അന്തർധാര ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ തൊഴുത്തിലേ അവസാനിക്കൂ എന്ന് അൽപം രാഷ്ട്രീയ ബുദ്ധിയുള്ള ആർക്കും മനസ്സിലാകും. അയാളുടെ പ്രശ്നം കിറ്റെക്സിന്റെ വ്യാവസായിക വളർച്ചയേക്കാൾ അയാളുടെ രാഷ്ട്രീയ വളർച്ചയാണ്. സംഘപരിവാരം വളരെ ആഴത്തിൽ വേര് പിടിക്കുന്ന ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയിൽ അതിനൊപ്പിച്ച ചില ചുവടുകൾ സമർത്ഥമായി ചവിട്ടുകയാണ് അയാൾ. ആ പരിവാര രാഷ്ട്രീയത്തിന് ഒട്ടും കീഴടങ്ങാതെ നിൽക്കുന്ന കേരളമെന്ന ഈ തുരുത്തിനെ ദേശീയ രാഷ്ട്രീയത്തിലും വ്യാവസായിക മണ്ഡലത്തിലും പരമാവധി ഇടിച്ചു താഴ്ത്തി അതിന്റെ മൈലേജ് കിട്ടുമോ എന്ന് നോക്കുകയാണ് അയാൾ.
കേരളവും കേരള സർക്കാരും അദ്ദേഹത്തോട് പരമാവധി അനുകൂല സമീപനമാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വീകരിച്ച് കണ്ടത്. ദേശീയ വ്യാവസായിക മണ്ഡലത്തിൽ കേരളത്തിന്റെ പോസിറ്റീവ് ഇമേജിന് കോട്ടം തട്ടരുത് എന്ന് കരുതിയുള്ള പരമാവധി വിട്ടുവീഴ്ചകളുടെ ഒരു അന്തരീക്ഷം ഉണ്ടായി വരുമ്പോഴും അതിനെയെല്ലാം പുച്ഛത്തോടെ കണ്ട് ഒരു സംസ്ഥാനത്തിന്റെ സർക്കാറും ജനങ്ങളും തന്റെ കാൽക്കീഴിൽ വീണ് കിടക്കണം എന്ന ഒരുതരം ധിക്കാരമനോഭാവമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ അയാൾ പ്രകടിപ്പിച്ചു കണ്ടു വരുന്നത്.
താൻ പ്രഖ്യാപിച്ച മൂവായിരത്തി അഞ്ഞൂറ് കോടി പ്രൊജക്റ്റിന്റെ മുന്നിൽ തന്നെ വളർത്തി വലുതാക്കിയ ഒരു ജനത കമിഴ്ന്ന് വീഴണം എന്ന തമ്പുരാൻ മനസ്ഥിതി. ഈ വിലപേശൽ രാഷ്ട്രീയത്തിന്റെ ശക്തിയിൽ ഒരു നടപടിയും ഒരു പരിശോധനയും ഒരു പരിസ്ഥിതി സംരക്ഷണ നീക്കവും കിറ്റെക്സിന് മേൽ ഭാവിയിൽ ഉണ്ടാകാതിരിക്കണമെന്ന താക്കീത്...
കേരളത്തിൽ വ്യാവസായിക രംഗത്ത് മാറ്റങ്ങൾ വരണം, കൂടുതൽ വ്യവസായ സൗഹൃദ നയങ്ങൾ ഉണ്ടാകണം, നിക്ഷേപങ്ങൾ ആകർഷിക്കപ്പെടണം.. എല്ലാം ശരി തന്നെ.. പക്ഷേ ചാണക രാഷ്ട്രീയം കളിക്കുന്ന ഇതുപോലൊരുത്തന്റെ വെല്ലുവിളികൾക്ക് മുന്നിൽ കീഴടങ്ങിക്കൊണ്ടാകരുത് അത് എന്ന് മാത്രമേ പറയാനുള്ളൂ.
- ബഷീർ വള്ളിക്കുന്ന്