ഇടുക്കി: വണ്ടിപ്പെരിയാർ കേസ് രാഷ്ട്രീയവത്കരിക്കരുതെന്ന് കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ പിതാവ്. പ്രതിയായ അർജുന് ഡിവൈഎഫ്‌ഐ പ്രവർത്തകൻ എന്ന നിലയിലുള്ള ഒരു പരിഗണനയും ലഭിച്ചിട്ടില്ലെന്നും, മൂന്ന് ദിവസത്തിനുള്ളിൽ ഇയാളെ പിടികൂടാൻ സാധിച്ചത് പൊലീസിന്റെ മികവാണെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിൽ പൂർണ തൃപ്തനാണെന്നും, പ്രതിയ്ക്ക് പരമാവധി ശിക്ഷ കിട്ടണമെന്നും കുട്ടിയുടെ പിതാവ് വ്യക്തമാക്കി. സ്വന്തം മകനെപ്പോലെയാണ് അർജുനെ കണ്ടത്. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചതെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
ഡി വൈ എഫ് ഐ പ്രാദേശിക നേതാവായിരുന്ന അർജുന് സിപിഎം സംരക്ഷണം കൊടുക്കുകയാണെന്ന് യൂത്ത് കോൺഗ്രസും ബിജെപിയും ആരോപിച്ചിരുന്നു. മൂവാറ്റുപുഴയിലെ പോക്‌സോ കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് യൂത്ത് കോൺഗ്രസ് ശ്രമിക്കുന്നതെന്നും, പ്രതിയെ അറസ്റ്റ് ചെയ്ത ദിവസം തന്നെ ഇയാളെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നെന്നുമാണ് ഡി വൈ എഫ് ഐയുടെ പ്രതികരണം.
മൂന്ന് വർഷത്തോളമാണ് പ്രതി കുട്ടിയെ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ജൂൺ 30നായിരുന്നു ആറ് വയസുകാരി കൊല്ലപ്പെട്ടത്. പീഡനത്തിനിടെ കുട്ടി ബോധരഹിതയായപ്പോൾ മരിച്ചുവെന്ന് കരുതി ഇയാൾ മുറിക്കുള്ളിലെ കയറിൽ കെട്ടിത്തൂക്കുകയായിരുന്നു.