jawan

കോഴിക്കോട്: വീരമൃത്യുവരിച്ച സുബേദാർ എം ശ്രീജിത്തിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു. കൊയിലാണ്ടിയിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. രാവിലെ ഏഴ് മണിയോടെ ചടങ്ങുകൾ ആരംഭിച്ചു. സൈനിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

ശ്രീജിത്തിൻ്റെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം കാറ്റഗറി സി വിഭാഗത്തിൽപ്പെട്ടതിനാൽ കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം പൊതുദര്‍ശനം വേണ്ടെന്നുവച്ചിരുന്നു. സംസ്ഥാന സർക്കാരിന് വേണ്ടി വനംമന്ത്രി എ കെ.ശശീന്ദ്രൻ, ജില്ലാ കളക്ടർ സാംബശിവ റാവു എന്നിവർ ആദരാജ്ഞലി അർപ്പിച്ചു.

ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ സുന്ദർബെൻ മേഖലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം വ്യാഴാഴ്ച പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് സുബേദാർ എം ശ്രീജിത്ത് വീരമൃത്യുവരിച്ചത്.തിരുവങ്ങൂർ മാക്കാട വത്സന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ; ഷജിന. മക്കൾ: അതുൽജിത്ത്, തന്മയലക്ഷ്മി.അടുത്തിടെയാണ് ശ്രീജിത്ത് പൂക്കാട് പുതിയ വീട് പണിതത്. മാർച്ച് ആദ്യവാരം നാട്ടിൽ വന്ന് മടങ്ങിയിരുന്നു.