jaishankar

ന്യൂഡൽഹി: വാക്സിൻ എടുത്തവർക്ക് മാത്രം തങ്ങളുടെ രാജ്യത്തേക്ക് പ്രവേശനം നൽകുന്ന ചില ലോകരാഷ്ട്രങ്ങളുടെ നടപടി പുനപരിശോധിക്കണമെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ ആവശ്യപ്പെട്ടു. യാത്ര തുടങ്ങുന്നതിനു മുമ്പും അതിനു ശേഷവും കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് റിപ്പോർട്ട് ലഭിച്ചവർക്ക് യാത്രാനുമതി നൽകുന്നതിനെ കുറിച്ച് രാഷ്ട്രങ്ങൾ ആലോചിക്കണമെന്ന് മന്ത്രി നിർദേശിച്ചു. റഷ്യൻ വിദേശകാര്യമന്ത്രി സെർജീ ലാവ്റോവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം മോസ്കോയിൽ സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

യാത്രയ്ക്കു മുമ്പും അതിനു ശേഷവും എടുത്ത കൊവിഡ് പരിശോധനാ ഫലം നെഗറ്റീവിവ് ആണെങ്കിൽ ആ യാത്രക്കാരനെ യാത്ര ചെയ്യാൻ അനുവദിക്കണം. വാക്സിൻ എടുത്തിട്ടുണ്ടോ എന്ന് നോക്കേണ്ട കാര്യമില്ല. ഇക്കാര്യത്തിൽ ചില രാഷ്ട്രങ്ങൾ ഇന്ത്യൻ യാത്രക്കാരോട് ചിറ്റമ്മനയം കാണിക്കുന്നതായി മന്ത്രി ആരോപിച്ചു.

കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധി ഇന്ത്യയേയും റഷ്യയേയും കൂടുതൽ സഹകരണത്തോടു കൂടി പ്രവർത്തിക്കുവാനുള്ള അവസരം സൃഷ്ടിച്ചുവെന്നും സ്പുട്നിക്ക് വാക്സിന്റെ നിർമാണത്തിലും വിതരണത്തിലും കാണുന്നത് അതാണെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.