കൊച്ചി: കേരളത്തിൽ 3500 കോടിയുടെ നിക്ഷേപ പദ്ധതികൾ ഉപേക്ഷിച്ച കിറ്റെക്‌സ് ഗ്രൂപ്പിന് ഗംഭീര വാഗ്ദ്ധാനങ്ങൾ നൽകി തെലങ്കാന. ഇവിടത്തേത് സൗഹാർദപരമായ വ്യവസായ അന്തരീക്ഷമാണെന്നും, കേരളത്തിലേത് പോലെ പരിശോധനകൾ ഉണ്ടാകില്ലെന്നും തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമ റാവു ഉറപ്പ് നൽകിയതായി കിറ്റെക്‌സ് ഗ്രൂപ്പ് അറിയിച്ചു.
സർക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള ശല്യമോ അനാവശ്യ പരിശോധനയോ ഉണ്ടാവുകയില്ലെന്നതടക്കമുള്ള ഉറപ്പാണ് കിറ്റെക്‌സ് ഗ്രൂപ്പിന് ലഭിച്ചിരിക്കുന്നത്. എല്ലാത്തതിലുമുപരി മനസമാധാനവും അവർ വാഗ്ദ്ധാനം ചെയ്യുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും കേന്ദ്ര സർക്കാരും തെലങ്കാന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞതായി കിറ്റെക്‌സ് സംഘം വ്യക്തമാക്കി.
കിറ്റെക്‌സിന് എന്താണോ ആവശ്യം അത് പരിഗണിക്കുകയും, പരിഹരിക്കുകയും ചെയ്യും. തൊഴിൽ അവസരവും നിക്ഷേപങ്ങൾ വർദ്ധിപ്പിക്കലുമാണ് തെലങ്കാനയുടെ മുഖ്യ ലക്ഷ്യമെന്നും, മറ്റ് സംസ്ഥാനങ്ങൾ നൽകുന്നതിലും കൂടുതൽ ആനുകൂല്യങ്ങളും കിറ്റെക്‌സിന് നൽകാമെന്നും മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.