കൊച്ചി: ജയിലിൽ ഭീഷണി ഉണ്ടെന്ന സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്‍റെ പരാതിയിൽ ഇന്ന് മൊഴിയെടുക്കും. പ്രത്യേക സിറ്റിംഗിലൂടെയാണ് എൻ ഐ എ കോടതി മൊഴിയെടുക്കുക. സ്വർണക്കടത്തുമായി ബന്ധപ്പെടുത്തി ബി ജെ പി, കോൺഗ്രസ് നേതാക്കളുടെ പേര് പറയാൻ സമ്മർദ്ദമുണ്ടെന്നാണ് സരിത്തിന്‍റെ ആരോപണം. ജയിൽ ഉദ്യോഗസ്ഥർ തന്നെ ഇതിനായി നിർബന്ധിക്കുന്നുവെന്നും സരിത്ത് പറയുന്നുണ്ട്.
മൊഴിയെടുക്കുന്നതിനായി ഉച്ചയോടെ സരിത്തിനെ എൻ ഐ എ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. ജയിലിൽ സരിത്തിനെ കാണാൻ എത്തിയ അമ്മയോടും സഹോദരിയോടും ആണ് തനിക്ക് ജയിൽ അധികൃതരിൽ നിന്ന് ഭീഷണിയുളള കാര്യം ഇയാൾ അറിയിച്ചത്. ഇതേപരാതിയുമായി സരിത്തിന്‍റെ അമ്മ കസ്റ്റംസിനേയും സമീപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം റിമാൻഡ് പുതുക്കുന്നതിനായി എൻ ഐ എ കോടതിയിൽ ഓൺലൈൻ വഴി ഹാജരാക്കിയപ്പോഴും സരിത്ത് തനിക്ക് ഭീഷണിയുണ്ടെന്ന പരാതി ആവർത്തിച്ചു. ജയിൽ അധികൃതർ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. എല്ലാ കാര്യങ്ങളും ഓൺലൈൻ വഴി പറയാനാകില്ലെന്നും നേരിട്ട് ഹാജരാകാൻ അനുവദിക്കണമെന്നുമായിരുന്നു സരിത്ത് പറഞ്ഞത്.