ന്യൂഡൽഹി: ഉത്തർപ്രദേശിൽ ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് ബിൽ തയ്യാറായി. ഒരു കുട്ടി മാത്രമുള്ള ദമ്പതികൾക്ക് നിരവധി ആനുകൂല്യങ്ങളാണ് ബില്ലിൽ ഉള്ളത്. സർക്കാർ ജീവനക്കാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് രണ്ട് ശമ്പളവർദ്ധനകൾ കുടുതൽ ലഭിക്കും. കൂടാതെ വീടോ സ്ഥലമോ വാങ്ങിക്കുമ്പോൾ സബ്‌സിഡി, പ്രോവിഡന്റ് ഫണ്ട് പലിശയിൽ മൂന്ന് ശതമാനം വർദ്ധന തുടങ്ങിയ ആനുകൂല്യങ്ങളാണ് ബില്ലിൽ നിർദ്ദേശിച്ചിട്ടുള്ളത്. ഒരു കുട്ടി മാത്രമുള്ള ദമ്പതികൾക്ക് ആജീവനാന്തകാലത്തേക്കും കുഞ്ഞിന് 20 വയസ് വരെയും സൗജന്യ ആരോഗ്യ ഇൻഷുറൻസും ബില്ലിൽ നിർദേശിക്കുന്നുണ്ട്. കൂടാതെ കുഞ്ഞിന് ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസവും നൽകും.
എന്നാൽ മറുഭാഗത്ത് രണ്ടിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ഇവ ഒന്നും കിട്ടില്ലെന്നു മാത്രമല്ല പല സർക്കാർ ആനുകൂല്യങ്ങളും നഷ്ടമാവുകയും ചെയ്യും. റേഷൻ കാർഡിൽ കുടുംബാംഗങ്ങളുടെ എണ്ണം നാലായി ചുരുക്കുക, സർക്കാർ ജോലിക്കായി അപേക്ഷിക്കുന്നതിൽ വിലക്ക്, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിലക്ക് എന്നിവയാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്.
സംസ്ഥാന നിയമ കമ്മീഷന്റെ വെബ്സൈറ്റിൽ കരട് ബില്ല് അപ്ലോഡ് ചെയ്തിട്ടുണ്ട്. ജൂലായ് 19 വരെ പൊതുജനങ്ങൾക്ക് ബില്ലിന്മേലുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ അവസരമുണ്ടായിരിക്കും.