ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണത്തിൽ വൻ വർദ്ധന. 1206 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. വെളളിയാഴ്‌ചത്തെ കണക്കിനെക്കാൾ 300ഓളം കൂടുതൽ. രാജ്യത്ത് തുടർച്ചയായി ആറാം ദിവസവും 40,000ലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 42,766 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവർ 3.07 കോടിയായി.
45,254 പേർ ഇന്ന് രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇതോടെ രോഗമുക്തി നിരക്ക് ഇന്ന് ഉയർന്ന് 97.2 ശതമാനമായി. രാജ്യത്തെ ആക്‌ടീവ് കേസ് ലോഡ് 4,55,033 ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.19 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.34 ശതമാനവും.
ഇതുവരെ രാജ്യത്ത് 42.9 കോടി സാമ്പിളുകൾ പരിശോധിച്ചു. 24 മണിക്കൂറിനിടെ 19.55 ലക്ഷം സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐസിഎംആർ പുറത്തിറക്കിയ രേഖകളിൽ സൂചിപ്പിക്കുന്നു. 37.21 കോടി ഡോസ് വാക്‌സിനുകൾ രാജ്യത്താകെ ഇതുവരെ നൽകി. ഇതിൽ ഇന്നലെ നൽകിയത് 30.55 ലക്ഷം ഡോസാണ്.