sarith

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ജയിലില്‍ ലഹരി ഉപയോഗിച്ചെന്ന് ജയില്‍ വകുപ്പ്. റമീസും സരിത്തും ലഹരി ഉപയോഗിക്കുന്നതിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ അധികൃതർ ശേഖരിച്ചു. പ്രതികൾ ജയിൽ നിയമങ്ങൾ പാലിക്കുന്നില്ലെന്നാണ് ജയിൽ വകുപ്പിന്‍റെ പരാതി.

ഈ മാസം അഞ്ചിന് രാത്രി റമീസ് സെല്ലിനുള്ളിൽ സിഗരറ്റ് വലിച്ചു. സരിത്തും സമീപമുണ്ടായിരുന്നു. സി സി ടി വി ദ്യശ്യങ്ങൾ കണ്ട് പരിശോധിക്കാനായി എത്തിയ ഉദ്യോഗസ്ഥരോട് പ്രതികള്‍ തട്ടി കയറിയെന്നും അധികൃതര്‍ പറയുന്നു.

പുറത്ത് നിന്നും യഥേഷ്‌ടം ഭക്ഷണം വേണമെന്നാണ് പ്രതികളുടെ ആവശ്യം. സൗന്ദര്യ സംരക്ഷണ വസ്‌തുക്കൾ ഉൾപ്പടെ റമീസിന് പാഴ്‌സൽ എത്തുനുണ്ട്. ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ ഇത് കൈമാറുനില്ല. അതുകൊണ്ട് ഉദ്യോഗസ്ഥരെ പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും അധികൃതര്‍ പറയുന്നു. കസ്റ്റംസ് - എൻ ഐ എ കോടതിയിൽ പൂജപ്പുര ജയിൽ സൂപ്രണ്ട് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകി. ഈ മാസം എട്ടിനാണ് റിപ്പോർട്ട് നൽകിയതെന്നാണ് വിവരം.

അധികൃതര്‍ക്കെതിരെ പ്രതികള്‍ തിരി‍ഞ്ഞത് ഇതിനുശേഷമാണെന്നാണ് ജയിൽ വകുപ്പ് പറയുന്നത്. അതേസമയം, പ്രതികളെ കേരളത്തിന് പുറത്തെ ജയിലിലേക്ക് മാറ്റാനുളള നീക്കവും നടക്കുന്നുണ്ട്. സരിത്ത് ഉള്‍പ്പടെ കോഫെപോസ ചുമത്തിയ പ്രതികളെയാണ് മാറ്റുന്നത്.