കോഴിക്കോട്: അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിൽ പ്രതിയായ അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്‌ടർമാർ. കഴിഞ്ഞ ബുധനാഴ്‌ചയാണ് കോഴിക്കോട് പയ്യാനക്കലിന് സമീപം ചാമുണ്ടി വളപ്പിൽ അമ്മ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നത്. അഞ്ചു വയസുകാരി ആയിഷ റനയെയാണ് അമ്മ സമീറ കഴുത്ത് ഞെരിച്ച് കൊന്നത്. എന്നാൽ അന്ധവിശ്വാസം കാരണമാണ് സമീറ ആയിഷയെ കഴുത്ത് ഞെരിച്ച് കൊന്നതെന്നാണ് പുറത്തുവരുന്ന വിവരം.
അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന സംശയത്തെ തുടർന്ന് കേസ് അന്വേഷിക്കുന്ന പന്നിയങ്കര പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പിന്നീട് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കും മാറ്റിയിരുന്നു. കുതിരവട്ടത്ത് വച്ച് സമീറയെ പരിശോധിച്ച ഡോക്‌ടർമാരാണ് ഇവർക്ക് യാതൊരു മാനസിക പ്രശ്‌നങ്ങളുമില്ലെന്നും കടുത്ത അന്ധവിശ്വാസമാണ് കുട്ടിയെ കൊല്ലുന്നതിലേക്ക് നയിച്ചതെന്നും കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിനാണ് സംഭവത്തിൽ പൊലീസ് ആദ്യം കേസെടുത്തിരുന്നത്. സമീറയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമായതോടെ കൊലപാതകമടക്കമുളള വകുപ്പുകൾ ചേർത്ത് ഇവർക്കെതിരെ കേസെടുക്കും. കുഞ്ഞിന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂവാല കൊണ്ടോ നേർത്ത തുണി കൊണ്ടോ കുഞ്ഞിനെ കൊലപ്പെടുത്തിയിരിക്കാം എന്നാണ് വ്യക്തമാക്കുന്നത്.
കുറച്ചു കാലമായി മകളുടെ ദേഹത്ത് ബാധ കയറിയെന്നായിരുന്നു സമീറയുടെ വിശ്വാസം. മതപരമായ പല ചികിത്സകളും പ്രാർത്ഥനകളും നടത്തിയെങ്കിലും മകളുടെ ബാധ മാറിയില്ലെന്ന് കണ്ടതോടെയാണ് കൊലപ്പെടുത്തി ബാധ ഒഴിപ്പിക്കാൻ സമീറ തീരുമാനിച്ചതെന്ന് ഡോക്‌ടർമാർ പൊലീസിനെ അറിയിച്ചു. മകളെ താൻ കൊന്നുവെന്നും അവൾ ദൈവത്തിനടുത്തേക്ക് പോയെന്നും സമീറ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.