who

ന്യൂഡൽഹി: കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായിട്ടില്ലെന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ. രോഗം കുറയുന്നതിന്റെ ലക്ഷണങ്ങളല്ല കാണുന്നത്. രോഗത്തിന്റെ ഡെൽറ്റാ വകഭേദം അതിവേഗം പടരുന്നതും വാക്‌സിനേഷനിലെ കുറവും ലോകത്തെ മിക്ക ഭാഗങ്ങളിലും രോഗവ്യാപനത്തിന് കാരണമാകുന്നു.

ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സൗമ്യ സ്വാമിനാഥൻ ഈ വിവരം പങ്കുവച്ചത്. ലോകാരോഗ്യ സംഘടനയുടെ കീഴിൽ വരുന്ന ആറിൽ അഞ്ച് ഇടങ്ങളിലും കൊവിഡ് കണക്കുകൾ ഉയരുകയാണ്. ആഫ്രിക്കയിൽ മരണനിരക്കിൽ കഴിഞ്ഞ രണ്ടാഴ്‌ച കൊണ്ട് 30 മുതൽ 40 ശതമാനം വരെ ഉയർച്ച ഉണ്ടായതായും സൗമ്യ സ്വാമിനാഥൻ പറയുന്നു.

'കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് അഞ്ച് ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. മരണമടഞ്ഞവരോ 9300ഉം. ഇത് രോഗം പിൻവാങ്ങുന്നതിന്റെ ലക്ഷണമല്ല.' കൊവിഡ് വ്യാപനം ശക്തമായി തുടരാൻ പ്രധാനമായും നാല് കാരണങ്ങളാണുള‌ളത്. ഒന്ന് ഡെൽറ്റാ വകഭേദമാണ്, രണ്ടാമത് സാമൂഹികമായ ഇടപെടലുകളിൽ വന്ന കൂടുതൽ, മൂന്നാമത് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ വന്ന ഇളവുകൾ, നാലാമത് വാക്‌സിനേഷനിലെ കുറവാണ്.

ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും അപകടകരവും അതിവേഗം പടരുന്നതുമായ വകഭേദമാണ് ഡെൽറ്റ. ആദ്യ ഘട്ടത്തിൽ രോഗബാധിതനായ ഒരാളിൽ നിന്ന് മൂന്ന് പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നതെങ്കിൽ ഡെൽറ്റാ വകഭേദത്തിൽ അത് എട്ടായി ഉയർന്നു.

ലോകത്ത് പലരാജ്യങ്ങളും ലോക്ഡൗൺ നിയന്ത്രണങ്ങളിൽ വലിയ ഇളവ് വരുത്തിയതും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങിയതും രോഗവ്യാപനം അതിവേഗമാകാൻ കാരണമായി. ഇപ്പോഴും ലോകത്ത് പലയിടത്തും ഓക്‌സിജൻ ക്ഷാമവും ചികിത്സയ്‌ക്ക് ആവശ്യമായ ആശുപത്രികളോ, കിടക്കകളോ ലഭിക്കാത്ത അവസ്ഥയുണ്ടെന്നും സൗമ്യ സ്വാമിനാഥൻ അഭിപ്രായപ്പെട്ടു.

ഓഗസ്‌റ്റ് മാസം പകുതിയോടെ കൊവാ‌ക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയേക്കുമെന്നും മൂന്നാംഘട്ട പരീക്ഷണം ശുഭസൂചന നൽകുന്നെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു. കൊവാക്‌സിൻ ആദ്യം പടർന്ന് പിടിച്ച കൊവി‌ഡിനെതിരെ മികച്ച പ്രതിരോധ ശേഷി പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ ഡെൽറ്റാ വകഭേദത്തിനെതിരെ പ്രതിരോധ ശേഷി കുറവുമാണ് എന്നാലും വാക്‌സിൻ മികച്ചതാണെന്നും അവർ അറിയിച്ചു.