കണ്ണൂർ: പഴനിയിൽ തീർത്ഥാടനത്തിന് പോയ നാൽപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. തടയാൻ ശ്രമിച്ച ഭർത്താവിനെയും അജ്ഞാത സംഘം മർദിച്ചു. ഇരുപത് ദിവസം മുൻപാണ് സംഭവം. നാൽപതുകാരി ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.
ജൂൺ 19നാണ് മലയാളികളായ ദമ്പതികൾ പഴനിയിലെത്തിയത്. ഭാര്യയെ റോഡരികിൽ നിർത്തി സമീപത്തെ കടയിൽ ഭക്ഷണം വാങ്ങാൻ പോയതായിരുന്നു ഭർത്താവ്. ഈ സമയം മൂന്നംഗ സംഘം നാൽപതുകാരിയുടെ വായ പൊത്തിപ്പിടിച്ച് സമീപത്തെ ലോഡ്ജിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു. ഇവിടെവച്ച് രാത്രിമുഴുവൻ പീഡനത്തിനിരയാക്കി. സ്വകാര്യ ഭാഗങ്ങളിൽ ബിയർ കുപ്പി കൊണ്ട് പരിക്കേൽപിച്ചു.
തടയാനെത്തിയ ഭർത്താവിനെ ലോഡ്ജ് ഉടമയും സംഘവും മർദിക്കുകയും, മദ്യപാനിയായി ചിത്രീകരിക്കുകയും ചെയ്തു. അടുത്തുള്ള പൊലീസിൽ പരാതിപ്പെട്ടെങ്കിലും സഹായിച്ചില്ലെന്ന് ദമ്പതികൾ പറയുന്നു. പിറ്റേന്ന് രാവിലെ അജ്ഞാത സംഘത്തിന്റെ കൈയിൽ നിന്ന് രക്ഷപ്പെടുകയും, കേരളത്തിലേക്ക് മടങ്ങുകയുമായിരുന്നു. ഭയം മൂലം സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ സ്ത്രീയുടെ ആരോഗ്യനില മോശമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.