surendran

കൊല്ലം: സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ജുഡീഷ്യൽ കമ്മിഷനെ സർക്കാർ നിയമിച്ചതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രതികാര രാഷ്ട്രീയത്തിന്‍റെ എല്ലാ സീമകളും കൊടകര കേസിലും സുന്ദര കേസിലും ബത്തേരി കേസിലും പൊലീസ് ഇപ്പോൾ ലംഘിക്കുകയാണ്. അന്വേഷണ സംഘം രാഷ്ട്രീയ പ്രതിയോഗികളെ നേരിടാൻ ഇറങ്ങിയിരിക്കുകയാണ്. സരിത്തിനെയും സ്വർണക്കടത്ത് കേസ് പ്രതികളെയും ജയിനുളളിൽ പീഡിപ്പിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

സ്വർണക്കടത്ത് കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി ബി ജെ പി നേതാക്കളുടെ പേര് പറയാൻ ജയിൽ ഉദ്യോഗസ്ഥർ നിർബന്ധിച്ചതിന് പിന്നിൽ രാഷ്‌ട്രീയ പകപോക്കലാണ്. കേന്ദ്രമന്ത്രി വി മുരളീധരൻ അടക്കമുള്ള ബി ജെ പി നേതാക്കളുടെയും ചില കോൺഗ്രസ് നേതാക്കളുടെയും പേര് പറയാൻ നിർബന്ധിച്ചുകൊണ്ട് ജയിൽ അധികൃതർ സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. സംസ്ഥാന ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത കാര്യമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനം ഇന്ധന വില ജി എസ് ടിയിൽ ഉൾപ്പെടുത്താൻ തയ്യാറാകണം. എന്നാൽ മാത്രമേ ഇന്ധനവില കുറയ്‌ക്കാൻ സാധിക്കുകയൂളളൂ. താൻ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ നിന്ന് മാറുന്നുവെന്ന വാർത്ത സൃഷ്‌ടിക്കുന്നവർ മനപ്പായസം ഉണ്ടിരുന്നാൽ മതിയെന്നും അദ്ദേഹം പരിഹസിച്ചു.