noice-pollution

ന്യൂഡൽഹി: നിലവിലെ ശബ്ദമലിനീകരണത്തിനെതിരായ നിയമങ്ങൾ ഡൽഹി സർക്കാർ കടുപ്പിച്ചു. ഇനി മുതൽ നിശ്ചിത സമയത്തിനു ശേഷം പടക്കം പൊട്ടിച്ചാൽ പൊട്ടിക്കുന്ന വ്യക്തി ഒരു ലക്ഷം രൂപ വരെ പിഴ നൽകേണ്ട വിധത്തിൽ നിയമം പരിഷ്കരിച്ചു. പുതിയ നിയമം അനുസരിച്ച് നേരത്തെ നിശ്ചയിച്ചിട്ടുള്ള സമയം കഴിഞ്ഞും ആൾതാമസമുള്ള സ്ഥലത്ത് പടക്കം പൊട്ടിച്ചാൽ 1000 രൂപയും നിശബ്ദ സോണുകളിൽ പടക്കം പൊട്ടിച്ചാൽ 3000 രൂപയും പിഴ ഈടാക്കും.

ആരാധനാലയങ്ങളിലെ ഉത്സവങ്ങൾ, ജാഥകൾ, വിവാഹ സത്കാരങ്ങൾ എന്നിവിടങ്ങളിൽ നിശ്ചിത സമയം കഴിഞ്ഞും പടക്കം പൊട്ടിച്ചാൽ സംഘാടക‌ർ 10,000 രൂപ വരെ പിഴ ഒടുക്കണം. സംഭവം നടക്കുന്നത് നിശബ്ദ സോണിൽ ആണെങ്കിൽ പിഴ 20,000 രൂപ ആകും. ഇതേ സ്ഥലത്ത് വീണ്ടും കുറ്റം ആവർത്തിച്ചാൽ 40,000 രൂപയും മൂന്നാമതും ആവർത്തിക്കുകയാണെങ്കിൽ ഒരുലക്ഷം രൂപയും പിഴയായി നൽകേണ്ടി വരും. മാത്രമല്ല ആ സ്ഥലം പൊലീസ് സീൽ വയ്ക്കുന്നതു പോലുള്ള കടുത്ത നടപടികളിലേക്ക് പോയെന്നും വരാം. ജനറേറ്റർ പോലുള്ള ഉപകരണങ്ങൾ കൊണ്ടുണ്ടാക്കുന്ന ശബ്ദമലിനീകരണവും ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.