തിരുവനന്തപുരം: അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്‌ചയുണ്ടായെന്ന ആരോപണത്തിൽ സി പി എം സംസ്ഥാന കമ്മിറ്റി അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസും എളമരം കരീമും അംഗങ്ങളായ അന്വേഷണ കമ്മിഷനാണ് വിഷയം അന്വേഷിക്കുക. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മണ്ഡലത്തിന്‍റെ ചുമതലയുണ്ടായിരുന്ന, മുന്‍മന്ത്രി ജി സുധാകരന്‍ വീഴ്‌ച വരുത്തിയെന്നാണ് ആക്ഷേപം.
അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്‌ച സംഭവിച്ചുവെന്ന റിപ്പോർട്ട് ശരിവച്ചായിരുന്നു സി പി എം സംസ്ഥാന സമിതിയിൽ ജി സുധാകരനെതിരെ വിമർശനങ്ങൾ ഉയര്‍ന്നത്. രണ്ട് ടേം വ്യവസ്ഥയെ തുടർന്ന് ഇത്തവണ അമ്പലപ്പുഴയിൽ ജി സുധാകരന് മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല. അമ്പലപ്പുഴയിലെ പ്രചാരണത്തിന് ജി സുധാകരനില്‍ നിന്നും വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന എച്ച് സലാം ആണ് പരാതി ഉന്നയിച്ചത്. ചില കേന്ദ്രങ്ങളില്‍ നിന്ന് താന്‍ എസ് ഡി പി ഐ ആണെന്ന പ്രചാരണവും ഉണ്ടായെന്നും സലാം പരാതിപ്പെട്ടു. ഇത്തരത്തില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലും, സംസ്ഥാന കമ്മിറ്റി യോഗത്തിലും ജി സുധാകരന്‍ പങ്കെടുത്തിരുന്നില്ല. പാലാ, കൽപ്പറ്റ മണ്ഡലങ്ങളിലെ തോൽവികളിലും അന്വേഷണം നടത്തും. വയനാട്, കോട്ടയം ജില്ലാ തലത്തിലാകും ഈ പരിശോധനകൾ നടത്തുക.