നൂറാമത്തെ വയസിലാണ് ആയൂർവേദ ആചാര്യൻ പി കെ വാര്യർ യാത്രയായത്. ചിട്ടയായ ജീവിത ശൈലിയായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യം. പ്രകൃതിയോടിണങ്ങിയ ഭക്ഷണത്തോടായിരുന്നു താൽപര്യം. 7.30ന് പ്രഭാതഭക്ഷണം കഴിക്കും. ഒന്നോ രണ്ടോ ഇഡ്ഡലിയോ ദോശയോ ആണ് പതിവ്.
ഉച്ചയ്ക്ക് ഒരു മണിയോടെ കുറച്ച് ചോറും, പഴുത്ത പഴങ്ങളും ഉണങ്ങിയ പഴങ്ങളും കഴിക്കും. സാമ്പാറോ രസമോ ഒന്നും ഉപയോഗിക്കാറില്ല. വൈകുന്നേരം ചായയോ കാപ്പിയോ വേണം. ലഘുഭക്ഷണമായി കൂടുതലും പഴങ്ങളായിരുന്നു കഴിച്ചിരുന്നത്.
ഇളനീർവെള്ളം നന്നായി കുടിക്കും. സന്ധ്യയ്ക്ക് കുളിയും പ്രാർഥനയും കഴിഞ്ഞ് ഏഴരയോടെ അത്താഴം കഴിയ്ക്കും. അതിനുശേഷം പക്ഷിമൃഗാദികൾപോലും ഭക്ഷണം കഴിക്കാറില്ലെന്നാണ് അദ്ദേഹം പറയാറ്. ഗോതമ്പിന്റെ ഭക്ഷണത്തോടാണ് കൂടുതൽ താൽപര്യം. വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക എന്നതാണ് രീതി. വരിച്ചുവാരി കഴിക്കില്ല. പുലർച്ചെ നാല് മണിയ്ക്ക് എന്നും എഴുന്നേൽക്കും. ആഴ്ചയിൽ രണ്ട് തവണ മാത്രമേ തല കുളിക്കുകയുള്ളൂ. രാത്രി ഒമ്പതരയോടെ കിടക്കാൻ പോകും.