ഇടുക്കി:വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച് സുരേഷ്ഗോപി എംപി. കേരളത്തിന്റെ മാനംകെടുത്തിയ അതിനീചമായ വാളയാർ ഉൾപ്പടെയുളള സംഭവങ്ങൾ സാമൂഹിക ജീവിതത്തിൽ അനുവദനീയമാണോയെന്ന് ചോദിച്ച അദ്ദേഹം ഇതിനുപിന്നിൽ ഏത് രാഷ്ട്രീയക്കാരനായാലും ഒടുക്കിയിരിക്കണമെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞു.
പണ്ട് കലുങ്കിന്റെ പുറത്തിരിക്കുന്ന നാട്ടിൻപുറത്തുകാരുണ്ടായിരുന്നു. ചിലപ്പോൾ ബീഡിവലിക്കും, ചിലപ്പോൾ കലുങ്കിനടിയിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരു ഗ്ലാസെടുത്ത് അടിക്കും. അവർ ആരേയും കടന്നുപിടിച്ചിരുന്നില്ല. അങ്ങനത്തെ കഥയൊക്കെ വളരെ വിരളമായിരുന്നു അന്ന്. ഇന്ന് ചാരായത്തിനൊപ്പം കഞ്ചാവ് കയറിയപ്പോ അവന് അച്ഛനേയും അമ്മയേയും പെങ്ങളേയും ഭാര്യയേയും ഒന്നും തിരിച്ചറിയാൻവയ്യാതായി പോയി. പെണ്ണെന്ന് പറയുന്നത് ഒരു ഉത്പന്നത്തിന്റെ ഭാഗമായി പോയെന്നും അദ്ദേഹം പറഞ്ഞു.
നിയമമുണ്ടെങ്കിലും അതിന്റെ നിർവ്വഹണത്തിൽ നമ്മൾ ലാഞ്ഛന കാട്ടുന്നു. കേരളത്തിന് മുഴുവൻ ഇത്തരം സംഭവങ്ങൾ ക്ഷതമാണ് ഏൽപ്പിക്കുന്നത്. പെൺകുട്ടിയുടെ കുടുംബത്തിന് നഷ്‌ടവും വേദനയുമാണെങ്കിൽ നമ്മൾ മലയാളികൾക്ക് ഇത് ക്ഷതമാണുണ്ടാക്കിയിരിക്കുന്നത്. എല്ലാ ഗ്രാമങ്ങളിലും ജീവിക്കുന്ന പൗരന്മാർ ഇത്തരം സംഭവങ്ങൾക്കെതിരെ കരുതൽ വേണം. ഒരു അപരിചിതൻ കടന്നുവന്നാൽ അയാൾ എവിടെ, എന്തിന് വന്നു എന്ന നിരീക്ഷണത്തിലൂടെ നിയന്ത്രണം കൊണ്ടുവന്നേ മതിയാകുവെന്നും സുരേഷ്ഗോപി അഭിപ്രായപ്പെട്ടു.