sarith

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്‍റെ മൊഴിയെടുപ്പ് പൂർത്തിയായി. അഭിഭാഷകരെ ഒഴിവാക്കി സരിത്തിനെ ചേംബറിൽ വിളിച്ചു വരുത്തിയാണ് എൻ ഐ എ കോടതി മൊഴിയെടുത്തത്. മൊഴിയെടുക്കൽ ഒന്നേകാൽ മണിക്കൂറോളം നീണ്ടു.

മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് സരിത്ത് മൊഴി നൽകിയിരിക്കുന്നത്. ജയിൽ സൂപ്രണ്ടടക്കം മൂന്നുപേർ നിരന്തരമായി പീഡിപ്പിച്ചെന്ന് സരിത്ത് കോടതിയിൽ പറഞ്ഞു. ജയിലിൽ ഉറങ്ങാൻ അനുവദിക്കുന്നില്ലെന്നും രാത്രി ഉറങ്ങുന്നതിനിടയിൽ നിരന്തരം വിളിച്ചുണർത്തുന്നുവെന്നും സരിത്ത് പറഞ്ഞിട്ടുണ്ട്.

സരിത്തിന് സംരക്ഷണം ഉറപ്പാക്കാനാണ് കോടതി നൽകിയിരിക്കുന്ന നിർദേശം. മാനസികവും ശാരീരികവുമായ പീഡനം ഉണ്ടാവരുതെന്ന് ജയിൽ ഡി ജി പിയോട് കോടതി പറഞ്ഞു. സരിത്തിന്‍റെ മൊഴിയിൽ തുടർ നടപടി തീരുമാനിക്കാൻ കോടതി തിങ്കളാഴ്‌ച വാദം കേൾക്കും.

ഭീഷണി ഉണ്ടായിരുന്നുവെന്നും എല്ലാം കോടതിയിൽ പറഞ്ഞെന്നും സരിത്ത് കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ജയിലിൽ സരിത്തിനെ കാണാൻ എത്തിയ അമ്മയോടും സഹോദരിയോടുമാണ് തനിക്ക് ജയിൽ അധികൃതരിൽ നിന്ന് ഭീഷണിയുള്ള കാര്യം ഇയാൾ അറിയിച്ചത്.

ഇന്നലെയാണ് തനിക്ക് ഭീഷണിയുണ്ടെന്നും ചില നേതാക്കളുടെ പേര് പറയാൻ ജയിൽ അധികൃതർ നിർബന്ധിക്കുന്നുവെന്നും അഭിഭാഷകൻ മുഖേന സരിത്ത് കോടതിയെ അറിയിച്ചത്. തുടർന്ന് പ്രത്യേക സിറ്റിംഗ് നടത്തി ഇയാളുടെ മൊഴിയെടുക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു.