white-needle-tea

വെള്ളം കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ആളുകൾ കുടിക്കുന്ന പാനീയമാണ് ചായ. അതുകൊണ്ടുതന്നെ, ലോകം കീഴടക്കിയ പാനീയമാണ് ചായയെന്ന് നിസ്സംശയം പറയാം. കോടിക്കണക്കിന് മനുഷ്യരുടെ ശീലമായി ചായ മാറിയിട്ടുണ്ട്.

ഉണർവും ഉന്മേഷവും നൽകുന്നതിനൊപ്പം ആരോഗ്യപരമായ നിരവധി ഗുണങ്ങൾ ചായയ്ക്കുണ്ട്.

മനുഷ്യൻ ചായകുടി തുടങ്ങിയിട്ട് അയ്യായിരം വർഷത്തിലേറെയായെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. വൈവിദ്ധ്യമായ സ്വാദിലും മണത്തിലും ഗുണത്തിലുമെല്ലാം ചായപ്പൊടികൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ലോകത്ത് മൂവായിരത്തോളം തരം തേയിലപ്പൊടികളുണ്ടെന്നാണ് കണക്ക്.

എന്നാൽ, ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് ഒരു തേയിലപ്പൊടി ലേലത്തിന്റെ വാർത്തയാണ്. ഒരു പ്രത്യേകയിനം തേയിലപ്പൊടിയുടെ

നാല് കിലോ ലേലത്തിൽ വിറ്റുപോയത് 16,400 രൂപയ്ക്കാണ്. ഇത് ചായപ്രിയരെ അപ്പാടെ അമ്പരപ്പിച്ചിരിക്കുകയാണ്.

തമിഴ്നാട്ടിലെ കൂനൂരിലെ ഒരു സ്വകാര്യ ഫാക്ടറിയിൽ ഉത്പാദിപ്പിച്ച സിൽവർ നീഡിൽ വൈറ്റ് ടീ എന്ന തേയിലപ്പൊടിയാണ് അന്താരാഷ്ട്ര തേയില ലേലത്തിൽ തിളങ്ങിയത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വില ലഭിച്ച തേയിലപ്പൊടി എന്ന റെക്കാഡും സിൽവർ നീഡിൽ വൈറ്റ് ടീ സ്വന്തമായി. സൂര്യോദയത്തിന് മുമ്പ് മഞ്ഞ് പറ്റിയിരിക്കുന്ന ഇലകളാണ് ഈ ചായപ്പൊടി നിർമ്മിക്കാനായി ശേഖരിക്കുന്നത്. പത്തേക്കർ കൃഷി സ്ഥലത്ത് നിന്ന് ഇത്തരത്തിലുള്ള അഞ്ച് കിലോ ഇലകൾ മാത്രമേ ലഭിക്കു. നിശ്ചിത താപനിലയിൽ പല ഘട്ടങ്ങൾ കടന്ന് ഇലകൾ പൊടിയാക്കി മാറ്റുമ്പോൾ ഒരു കിലോ സിൽവർ നീഡിൽ ചായപ്പൊടി കിട്ടും. മറ്റ് ഇനങ്ങളെ അപേക്ഷിച്ച് രുചിയിലും ഗുണത്തിലും മുമ്പനാണ് സിൽവർ നീഡിൽ വൈറ്റ് ടീ.