jj

മെരുങ്ങാതെ നിൽക്കുന്ന കൊവിഡിനെ പിടിച്ചുകെട്ടാൻ ഭാഗികവും പൂർണവുമായ അടച്ചിടൽ ഉൾപ്പെടെയുള്ള നടപടികൾ സംസ്ഥാനത്ത് അറുപത്തഞ്ചു ദിവസമായി തുടരുകയാണെങ്കിലും ഉദ്ദേശിച്ച ഫലം ഉണ്ടായിട്ടില്ലെന്നാണ് സർക്കാരിന്റെ സ്ഥിതിവിവരങ്ങൾ വ്യക്തമാക്കുന്നത്. കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും കച്ചവട സ്ഥാപനങ്ങളും പൊതു ഇടങ്ങളും അടച്ചുപൂട്ടിയും രോഗവ്യാപനം കുറയ്ക്കാനുള്ള ശ്രമങ്ങൾ ഒരു പരിധി വരെയേ വിജയിക്കുന്നുള്ളൂ. കേരളത്തിന്റെ അഞ്ചും എട്ടും മടങ്ങ് ജനസംഖ്യയുള്ള സംസ്ഥാനങ്ങൾ പോലും അഭിമാനകരമായ നിലയിൽ രോഗമുക്തനില നേടിക്കഴിഞ്ഞു.

കടകൾക്കും വ്യാപാരകേന്ദ്രങ്ങൾക്കും മറ്റും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ അനിശ്ചിതമായി തുടരുന്നത് പറഞ്ഞറിയിക്കാനാകാത്ത ദുരിതങ്ങളാണ് വരുത്തിയിട്ടുള്ളത്. അവശ്യവസ്തുക്കളുടെ വില്പന നടക്കുന്ന കടകൾക്കു മാത്രമേ ദിവസവും പ്രവർത്തനാനുമതിയുള്ളൂ. മറ്റുള്ളവയ്ക്കാകട്ടെ നിയന്ത്രിതമായ തോതിൽ ആഴ്ചയിൽ മൂന്നുദിവസം മാത്രം. സിനിമാശാലകൾ, മാളുകൾ തുടങ്ങി വൻതോതിൽ ആളുകൾ കൂടുന്ന സ്ഥാപനങ്ങൾ തുറക്കാൻ അനുവാദമില്ല. ശനി, ഞായർ ദിവസങ്ങൾ സമ്പൂർണ ലോക്ക് ഡൗണായതിനാൽ ദുരിതം കൂടുതൽ രൂക്ഷവുമാണ്. ആഴ്ചയിൽ മൂന്നുദിവസം മാത്രം വലിയ കടകൾ തുറക്കുന്നതുകൊണ്ട് ആ ദിവസങ്ങളിൽ പൊതുവേ എല്ലായിടത്തും അഭൂതപൂർവമായ തിരക്കാണ്. കൂട്ടംകൂടൽ ഒഴിവാക്കാൻ കൊണ്ടുവന്ന നിയന്ത്രണങ്ങൾ ഫലത്തിൽ വലിയ വിപത്ത് ക്ഷണിച്ചുവരുത്തുകയാണ്. പ്രവർത്തനസമയ നിർണയവും അശാസ്ത്രീയമാണ്. എല്ലാ വിഭാഗത്തിലും പെട്ട വ്യാപാര സ്ഥാപനങ്ങൾക്കും മറ്റു സ്ഥാപനങ്ങൾക്കും കർക്കശമായ നിയന്ത്രണങ്ങളുള്ളപ്പോൾ ഒരുവിധ കൊവിഡ് മാനദണ്ഡവും ബാധകമല്ലാത്ത നിലയിൽ പ്രവർത്തിക്കുന്ന ഏക ഇടം മദ്യവില്പനശാലകളാണെന്നതും കൗതുകകരമാണ്.

മൂന്നുദിവസം തുറക്കാൻ അനുവദിച്ചിട്ടുള്ള സ്ഥാപനങ്ങളുടെ പ്രവർത്തന സമയം പരിമിതപ്പെടുത്തിയത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ആളുകളെ നിയന്ത്രിച്ചു മാത്രമേ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കാവൂ എന്ന ചട്ടം എത്രമാത്രം പാലിക്കുന്നുണ്ടെന്ന് പരിശോധിക്കുന്നുണ്ടോ? യഥാർത്ഥത്തിൽ വേണ്ടത് പ്രവർത്തന സമയം ദീർഘിപ്പിച്ച് തിരക്കു കുറയ്ക്കുകയാണ്. വ്യാപാര സ്ഥാപനങ്ങൾ സന്ധ്യയ്ക്കു തന്നെ അടയ്ക്കണമെന്ന നിബന്ധനകൊണ്ട് പ്രത്യേകിച്ചൊരു നേട്ടവുമില്ല. പ്രവൃത്തി ദിവസങ്ങൾ കുറച്ചപ്പോൾ പ്രവർത്തന സമയം ദീർഘിപ്പിക്കുക കേവല നീതിയാണ്. ബാങ്കുകളിൽ ഇടപാടുകാർ മൂന്നുദിവസമേ എത്താവൂ എന്ന് നിബന്ധനയുള്ളപ്പോൾ ജീവനക്കാർ അഞ്ചുദിവസവും ഹാജരാകണമെന്ന് ശഠിക്കുന്നതിലെ യുക്തിയെന്താണ്?

എല്ലാ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയുള്ള ദിവസങ്ങളിൽ നിരത്തുകളിൽ വൻതിരക്കാണ്. വ്യാപാര സ്ഥാപനങ്ങൾ സന്ധ്യയ്ക്കു തന്നെ അടയ്ക്കുന്നതിനാൽ അതിനുമുമ്പ് ആവശ്യങ്ങൾ നിറവേറ്റാൻ ആളുകൾ കൂട്ടത്തോടെ ഇറങ്ങുന്നതാണ് അഭൂതപൂർവമായ തിരക്കിനു കാരണം. പ്രവർത്തന സമയവും ദിവസങ്ങളും യുക്തിസഹമായി ക്രമീകരിച്ചാൽ ഒരു പരിധിയോളം പരിഹരിക്കാവുന്ന പ്രശ്നമാണിത്. മാനദണ്ഡങ്ങൾ കർക്കശമായി പാലിച്ചുകൊണ്ട് സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം പ്രവർത്തനാനുമതി നൽകുന്നതിനെക്കുറിച്ചും ആലോചിക്കാം. മറ്റു സംസ്ഥാനങ്ങൾ പരീക്ഷിച്ചു വിജയിച്ച നടപടികളും മാതൃകയാക്കാം.