street-dog

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം നഗരത്തിൽ വീണ്ടും തെരുവുനായ്‌ക്കളുടെ എണ്ണം വർദ്ധിച്ചത് പ്രഭാത നടത്തക്കാർക്കും സൈക്കിൾ സവാരിക്കാർക്കും ഭീഷണിയാകുന്നു. ലോക്ക് ഡൗണിൽ ഇളവ് അനുവദിച്ചതിന്റെ ഭാഗമായി പ്രഭാത,​ സായാഹ്ന സവാരികൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു. ഇത് പ്രയോജനപ്പെടുത്താൻ ഇറങ്ങിയവർക്കാണ് ഇപ്പോൾ തെരുവ് നായ്ക്കൾ ഭീഷണി യായിരിക്കുന്നത്.

കുരച്ചു ചാടും

ചിലപ്പോൾ കടിച്ചു കീറും

നടത്തക്കാർക്ക് തെരുവ് നായ്‌ക്കൾ താരതമ്യേന വലിയ ഭീഷണി സൃഷ്ടിക്കുന്നില്ലെങ്കിലും ശാരീരിക വ്യായാമത്തിന്റെ ഭാഗമായി ഓടുന്നവർക്കും സൈക്കിൾ ചവിട്ടാനിറങ്ങുന്നവർക്കുമാണ് നായ്‌ക്കൾ കടുത്ത ഭീഷണിയാകുന്നത്. ഇവർക്ക് പിന്നാലെ കൂട്ടത്തോടെ നായ്‌ക്കൾ കുരച്ച് ചാടുന്നത് പതിവാണ്. നായ്ക്കളിൽ നിന്ന് രക്ഷപ്പെടുന്നതിനായി ആളുകൾ വേഗത്തിൽ ഓടുന്നതും സൈക്കിൾ വേഗത്തിൽ ചവിട്ടിപ്പോകാനും ശ്രമിക്കുമ്പോൾ വീണ് പരിക്കേൽക്കുന്നതും നിത്യസംഭവമായിട്ടുണ്ട്. ഓടിച്ചിട്ട് കടിച്ച് കീറിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

നഗരത്തിലാണ് തെരുവ് നായ്ക്കളുടെ ശല്യം ഏറ്റവും രൂക്ഷമായിട്ടുള്ളത്. നഗരത്തിന്റെ ഹൃദയഭാഗമായ പാളയം,​ പേട്ട,​ കുന്നുകുഴി,​ ബാർട്ടൺ ഹിൽ എൻജിനിയറിംഗ് കോളേജ് അടക്കമുള്ള ഇടങ്ങളിലും തെരുവ് നായ്ക്കൾ യഥേഷ്ടം വിഹരിക്കുകയാണ്. പേരൂർക്കട,​ അമ്പലമുക്ക് ഭാഗത്തും തെരുവ് നായ്‌ക്കൾ ജനങ്ങൾക്ക് ഭീതി പടർത്തുന്നുണ്ട്. നഗര കേന്ദ്രങ്ങളിൽ മാലിന്യം കുന്നുകൂടിയതോടെ അലഞ്ഞുതിരിയുന്ന നായ്ക്കളുടെ എണ്ണവും കൂടിയിട്ടുണ്ട്. റോഡരികിൽ മാലിന്യം തിന്നാനായി വരുന്ന നായ്ക്കൾ കാൽനട,​ വാഹന യാത്രക്കാർക്കും സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ല. രാത്രിയിൽ നഗരത്തിലെ റോഡുകൾ പലതം തെരുവ് നായ്ക്കൾ കൈയടക്കും. രാത്രി ജോലി കഴിഞ്ഞ് ഇരുചക്ര വാഹനങ്ങളിൽ പോകുന്നവരെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കുന്നത് സ്ഥിരം സംഭവമായി മാറിയിട്ടുണ്ട്. നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ വേഗത്തിൽ വാഹനം ഓടിച്ചു പോകുമ്പോൾ യാത്രക്കാർ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്. തെരുവ് വിളക്കില്ലാത്ത ഭാഗങ്ങളിൽ രാത്രി നായ്‌ക്കൾ വാഹനങ്ങൾക്ക് കുറുകെ ചാടുന്നതും പതിവാണ്.

വന്ധ്യംകരണത്തെക്കുറിച്ച്

മിണ്ടരുത്

തെരുവ് നായ്ക്കളെ വന്ധ്യം കരിക്കുന്ന നടപടി യഥാവിധം നടക്കാത്തതാണ് നായ്‌ക്കകളുടെ എണ്ണം വർദ്ധിക്കാൻ കാരണമെന്നാണ് ജനങ്ങൾ പറയുന്നു. ചടങ്ങിന് വേണ്ടി മാത്രമാണ് കോർപ്പറേഷൻ നായ്ക്കളെ പിടികൂടി വന്ധ്യം കരിക്കുന്നതെന്ന ആക്ഷേപവും വ്യാപകമാണ്. തെരുവുകളിൽ അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടുന്നതിന് കുടുംബശ്രീയെ ആണ് ഏൽപിച്ചിരിക്കുന്നത്. എന്നാൽ,​ ഇത് ഫലപ്രദായി നടപ്പാക്കുന്നതിന് കുടുംബശ്രീക്ക് പരിജ്ഞാനം പോരെന്നതാണ് പ്രധാന വിമർശനം. മാത്രമല്ല,​ നായ്‌ക്കളുടെ ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ എത്തുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. തെരുവ് നായ്‌ക്കൾക്ക് വസിക്കാൻ സ്ഥലമില്ലാതെ വരുമ്പോഴാണ് അവ നഗരത്തിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് വരുന്നതെന്നും ജനങ്ങളെ ആക്രമിക്കുന്നതെന്നുമാണ് കുടുംബശ്രീയിലെ നായ പിടിത്തക്കാർ പറയുന്നത്.

അതേസമയം,​ നായ്ക്കളുടെ വന്ധ്യംകരണം ശരിയായ രീതിയിൽ നടക്കുന്നുവെന്നാണ് കോർപ്പറേഷന്റെ നിലപാട്. ഓരോ മാസവും നാനൂറോളം വന്ധ്യംകരണങ്ങൾ നടത്തുന്നുണ്ടെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കുന്നു. തിരുവല്ലത്തും പേട്ടയിലുമായാണ് വന്ധ്യംകരണം നടക്കുന്നത്. വന്ധ്യകരണം ദീർഘകാല പദ്ധതിയാണെന്നും നഗരത്തിലെ 70 ശതമാനം നായ്‌ക്കളെയും വന്ധ്യംകരിച്ചതായും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. ഇത്തരം വന്ധ്യംകരണങ്ങൾ നഗരത്തിന് സമീപത്തുള്ള പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നടത്തിയാൽ മാത്രമേ പൂർണ ഫലം ലഭിക്കുകയുള്ളൂവെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

നായ്ക്കൾ എത്ര?​

ആർക്കും അറിയില്ല

നഗരത്തിൽ എത്ര നായ്ക്കളാണുള്ളതെന്ന് സംബന്ധിച്ച് വിശ്വസനീയമായ കണക്കുകൾ കോർപ്പറേഷന്റെ കൈയിൽ ഇല്ല. ഇത്തരത്തിൽ നായ്ക്കളുടെ ഒരു സെൻസസ് നടന്നത് 2012ൽ മൃഗസരംക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ്. അതിനുശേഷം ഒരു ദാശാബ്ദം എത്തുമ്പോൾ നായ്ക്കളുടെ എണ്ണം എത്രയെന്ന് ചോദിച്ചാൽ അധികൃതർ മൗനം പാലിക്കും. കഴിഞ്ഞ വ‌ർഷം ജില്ലയിൽ 17,400 പേർക്കാണ് തെരുവ നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. ജില്ലാതല സമിതികൾ വേണം നായ്ക്കളുടെ വന്ധ്യംകരണത്തെ കുറിച്ച് വിലയിരുത്തേണ്ടത്. എന്നാൽ,​ സമിതികൾ യോഗം പോലും പലപ്പോഴും ചേരാറില്ലെന്നാണ് മൃഗസ്നേഹികളുടെ സംഘടനയായ പെറ്റയുടെ ഭാരവാഹികൾ പറയുന്നത്. 2014 -15ൽ നഗരസഭ നഗരത്തിനുള്ളിലെ നായ്ക്കളുടെ എണ്ണം സംബന്ധിച്ച് ഒരു സർവേ നടത്തിയിരുന്നു. ചില പ്രദേശങ്ങളിൽ നായ്ക്കളുടെ എണ്ണം വർദ്ധിച്ചതായും കണ്ടെത്തി. എന്നാൽ,​ ഈ പ്രദേശങ്ങളിൽ നായ്ക്കളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളൊന്നും തന്നെ കോർപ്പറേഷൻ പിന്നീട് കൈക്കൊണ്ടതുമില്ല.

പരാതികൾ കൂടിയതോടെ നഗരത്തിലെ തെരുവുനായ്‌ക്കളുടെ എണ്ണം അറിയാൻ പുതിയ സർവേ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം വന്ധ്യംകരണ നടപടികളും ശക്തമാക്കാൻ തീരുമാനം. കോർപ്പറേഷനിലെ ചില മേഖലകളിൽ തെരുവ് നായ്‌ക്കളുടെ ശല്യം അതിരൂക്ഷമാണ്. വന്ധ്യം കരിക്കുന്നതോടെ നായ്‌ക്കളുടെ ആക്രമണ സ്വഭാവം ഇല്ലാതാകുമെന്ന് അധികൃതർ പറയുന്നു. പ്രതിദിനം 20 നായ്‌ക്കളെ വന്ധ്യംകരിക്കുന്നുണ്ടെന്നാണ് കോർപ്പറേഷൻ അധികൃതർ അവകാശപ്പെടുന്നത്. പെൺ നായയ്‌ക്ക് പ്രതിവർഷം 16 നായ്‌ക്കുട്ടികളെ വരെ പ്രസവിക്കാൻ കഴിയുമെന്നാണ് കണക്ക്. വന്ധ്യം കരണം നടക്കാതെ വന്നാൽ നായ്‌ക്കളുടെ എണ്ണം ക്രമാതീതമായി പെരുകുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ലോക്ക് ഡൗൺ വന്നതോടെ ആളുകൾ ബാക്കി വരുന്ന ആഹാരം വഴിയിൽ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഇതിൽ ഭൂരിഭാഗവും മാംസാഹാരങ്ങളാണ്. ഈ ആഹാര സാധനങ്ങളാണ് നായ്‌ക്കളെ കൂടുതൽ ആക്രമണകാരികളാക്കുന്നത്.

2020ൽ ജില്ലയിൽ നായ്‌ക്കളുടെ

ആക്രമണം ഇങ്ങനെ


ജനുവരി: 1612
ഫെബ്രുവരി: 1604
മാർച്ച്: 1241
ഏപ്രിൽ: 1237
മേയ്: 1772
ജൂൺ: 1891
ജൂലായ്: 1531
ആഗസ്റ്റ്: 1175
സെപ്തംബർ: 1169
ഒക്ടോബർ: 1390
നവംബർ: 1467
ഡിസംബർ: 1300